വാഷിംഗ്ടണ്‍: ഇന്തോ-പസഫിക് മേഖലയുടെ മെച്ചപ്പെട്ട ഭാവിക്കായി ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിന്‍. തയ്വാന്‍ കടലിടുക്കില്‍ ചൈന നടത്തുന്ന നീക്കങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാക്കിസ്ഥാന് എഫ്-16 പോര്‍ വിമാനങ്ങള്‍ നല്‍കിയ യു.എസ് നടപടിക്കെതിരെ ജയ്ശങ്കര്‍ രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രതികരണം.
അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ് പാക്കിസ്ഥാനുമായുള്ള സഹകരണമെന്ന് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.
വിവിധ കാരണങ്ങളാല്‍ പ്രത്യേകിച്ച് ഇന്‍ഡോ-പസഫിക് ആഗോള സാഹചര്യം ഈ വര്‍ഷം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഈ മേഖലയുടെ സുസ്ഥിരതയും സുരക്ഷയും സമൃദ്ധിയും സുരക്ഷിതമാക്കേണ്ടത് പ്രധാനമാണ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ഇതിന്റെ സുരക്ഷ മികച്ചതാക്കാന്‍ സാധിക്കുമെന്നും കൂടിക്കാഴ്ചയില്‍ ജയശങ്കര്‍ വ്യക്തമാക്കി.
മലേഷ്യയും വിയറ്റ്നാമും അതിന്റെ ഭാഗങ്ങള്‍ അവകാശപ്പെടുന്നുണ്ട്. തെക്കന്‍ ചൈനാ കടലില്‍ ബെയ്ജിങ് കൃത്രിമ ദ്വീപുകളും സൈനിക സംവിധാനങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. കിഴക്കന്‍ ചൈനാ കടലില്‍ ജപ്പാനുമായി ചൈനയ്ക്കും പ്രാദേശിക തര്‍ക്കങ്ങളുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. ഇക്കാര്യത്തിലെല്ലാം ഒരു മികച്ച ചര്‍ച്ച താന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം ആരോഗ്യകരമായ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ആഴവും പരപ്പും അഭിലാഷവും ശക്തിപ്പെടുത്തുന്നുവെന്ന് ഓസ്റ്റിന്‍ പറഞ്ഞു. ഈ പങ്കാളിത്തം കൂടുതല്‍ ദൃഢമാകുകയാണ്. യു.എസും ഇന്ത്യന്‍ സൈന്യവും എന്നത്തേക്കാളും കൂടുതല്‍ അടുത്ത് ശക്തമായി പ്രവര്‍ത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിലകൊള്ളുമെന്നും പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സുപ്രധാനമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതിന് തങ്ങല്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി അടുത്തിടെ നടത്തിയ സംഭാഷണം പരാമര്‍ശിച്ച് ഓസ്റ്റിന്‍ വ്യക്തമാക്കി.
ജപ്പാനും ഓസ്ട്രേലിയയുമായുള്ള തങ്ങളുടെ സഹകരണത്തിലൂടെ അടിസ്ഥാന സൗകര്യ വികസനം മുതല്‍ സമുദ്ര സുരക്ഷ വരെയുള്ള മേഖലയ്ക്ക് ഏറ്റവും പ്രധാനമായ നിലപാടുകള്‍ കൈക്കൊള്ളുമെന്നും ഓസ്റ്റിന്‍ പറഞ്ഞു. പ്രതിരോധവും സുരക്ഷാ സഹകരണവുമാണ് നമ്മുടെ സമകാലിക ബന്ധത്തിന്റെ അടിത്തറയെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ജയശങ്കറും വ്യക്തമാക്കി.
അദ്ദേഹത്തോടൊപ്പം യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധുവും മറ്റ് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകള്‍ പതിച്ച കുക്കികള്‍ നല്‍കി.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയ എസ്. ജയശങ്കറിന് യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ സൈന്യം പ്രൗഢഗംഭീമായ സ്വീകരണമാണ് ഒരുക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.