സിഡ്‌നി: ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ ടെലികോം ഭീമനായ ഒപ്റ്റസിസിൽ നിന്നും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഇരയായവർ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ചെലവ് ഒപ്റ്റസ് തന്നെ വഹിക്കണമെന്ന് ഫെഡറൽ സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി പെന്നി വോങ് ഒപ്റ്റസ് സിഇഒ കെല്ലി ബയർ റോസ്‌മാരിന് കത്ത് നൽകി.
സൈബർ ആക്രമണത്തിന് ഇരയായവർക്ക് പുതിയ പാസ്പോർട്ട് നൽകാൻ നികുതിദായകരുടെ പണം ചെലവാക്കുന്നതിൽ യാതൊരു നീതികരണവുമില്ല എന്നാണ് സർക്കാർ നിലപാട്. ഒരു പാസ്‌പോർട്ടിന് മാറ്റിയെടുക്കുന്നതിന് സാധാരണയായി 193 ഡോളറാണ് ചെലവെങ്കിൽ പുതിയ പാസ്‌പോർട്ടിന് 308 ഡോളർ വരെ ചെലവ് വരും.
ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ഡാറ്റ ചോർത്തൽ ബാധിച്ചതിനാൽ, പാസ്‌പോർട്ട് ഉൾപ്പെടെ ഉള്ള മറ്റ് വ്യക്തിഗത രേഖകളും മാറ്റാനുള്ള ചെലവ് പതിനായിരക്കണക്കിന് ഡോളറോ അല്ലെങ്കിൽ ദശലക്ഷക്കണക്കിന് ഡോളറോ ആയിരിക്കും.
സർക്കാർ ഫീസ് ഒഴിവാക്കണമെന്ന് പ്രതിപക്ഷം നേരത്തെ നിർദേശിച്ചിരുന്നു. എന്നാലും, ഒപ്റ്റസ് ചെലവ് വഹിക്കണമെന്നാണ് പ്രധാനമന്ത്രി ആന്റണി അൽബാനീസ് വ്യക്തമാക്കുന്നത്. ഉപഭോക്താക്കളെ സംരക്ഷിക്കുവാൻ ഫെഡറൽ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡാറ്റ വീണ്ടെടുക്കുവാൻ സർക്കാർ ഓസ്ട്രേലിയൻ ഫെഡറൽ പോലീസുമായി ചേർന്ന് പ്രവർത്തിക്കും.
അതേസമയം സൈബർ ആക്രമണത്തിന് ഇരയായവർക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസ് നമ്പറുകളും കാർഡുകളും വിതരണം ചെയ്യുവാൻ സംസ്ഥാന സർക്കാരുകളും ടെറിട്ടറികളും നടപടികൾ ആരംഭിച്ചു.
ഒപ്റ്റസിസിൽ നിന്നും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതിൽ ക്ഷമാപണം നടത്തി കഴിഞ്ഞ ദിവസം ഹാക്കർമാർ രംഗത്തെത്തിയിരുന്നു. ഒപ്റ്റസിൽ നിന്നും ചോർത്തിയ 10,200 ഓസ്‌ട്രേലിയക്കാരുടെ വിവരങ്ങളുടെ പകർപ്പ് ഇല്ലാതാക്കിയെന്നും ഇതിനായി ആവശ്യപ്പെട്ടിരുന്ന പണം നൽകേണ്ടതില്ലെന്നും ഒരു ഓൺലൈൻ അക്കൗണ്ട് വ്യക്തമാക്കിയാതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ ഒരു ഭാഗം ആദ്യം പ്രസിദ്ധീകരിച്ചത് തെറ്റായി പോയി എന്നും വെബ്‌സൈറ്റ് വ്യക്തമാക്കി. ചില സൈബർ സുരക്ഷാ വിദഗ്ധർ ഈ അക്കൗണ്ട് നിയമാനുസൃതമുള്ളതാണെന്ന് വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇത് ഒപ്റ്റസോ അല്ലെങ്കിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസോ (AFP) സ്ഥിരീകരിച്ചിട്ടില്ല.
ഉപയോക്താക്കളുടെ പേരുകള്‍, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, വീട്ടു വിലാസം, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് നമ്പറുകള്‍, മറ്റ് തിരിച്ചറിയല്‍ രേഖകളുടെ നമ്പറുകള്‍ തുടങ്ങിയവ ചോര്‍ത്തിയതായാണ് ഹാക്കർമാർ അവകാശപ്പെട്ടത്. വിഷയത്തിൽ സാധ്യമായ ഇടപെടലുകൾ എല്ലാം കമ്പനി നടത്തുന്നുണ്ടെന്ന് ഒപ്ടസ് ചീഫ് എക്സിക്യൂട്ടീവ് കെല്ലി ബയർ റോസ്മറിൻ പറഞ്ഞിരുന്നു.
നിയമ ലംഘനത്തിന് പിന്നിലുള്ള ആളുകളെ തിരിച്ചറിയുന്നതിനും ഐഡന്റിറ്റി തട്ടിപ്പിൽ നിന്ന് ഓസ്‌ട്രേലിയക്കാരെ സംരക്ഷിക്കുന്നതിനുമായി ഓപ്പറേഷൻ ഹരികെയ്ൻ ആരംഭിച്ചതായി എഎഫ്‌പിയും അറിയിച്ചിരുന്നു. അന്വേഷണം സങ്കീർണ്ണവും ദീർഘവും ആയിരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ സൈബർ കമാൻഡ് ജസ്റ്റിൻ ഗോഫ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.