കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കഴിയില്ലെന്ന് ശശി തരൂര്‍; മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന് ഖാര്‍ഗെ

കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കഴിയില്ലെന്ന് ശശി തരൂര്‍; മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന് ഖാര്‍ഗെ

നാഗ്പൂര്‍: മല്ലികാര്‍ജുന്‍ ഖാര്‍ഗെയെപ്പോലുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

'ഞങ്ങള്‍ ശത്രുക്കളല്ല, ഇത് യുദ്ധവുമല്ല. ഇത് പാര്‍ട്ടിയുടെ ഭാവിയിലേക്കുള്ള വോട്ടെടുപ്പാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഖാര്‍ഗെ. പക്ഷേ, അദ്ദേഹത്തെപ്പോലുള്ള നേതാക്കള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. നിലവിലുള്ള സംവിധാനം തുടരും. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കനുസൃതമായി ഞാന്‍ മാറ്റം കൊണ്ടുവരും.'- ശശി തരൂര്‍ നാഗ്പൂരില്‍ പറഞ്ഞു.

ആരെയും എതിര്‍ക്കാനല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് താന്‍ തിരഞ്ഞെടുപ്പില്‍ ഇറങ്ങിയതെന്ന് തരൂരിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മത്സരിക്കാന്‍ തയ്യാറായതെന്നും ഖാര്‍ഗെ വ്യക്തമാക്കി. മുന്‍ ജാര്‍ഖണ്ഡ് മന്ത്രി കെ എന്‍ ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക ശനിയാഴ്ച തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് മത്സരം.

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ എട്ട് ആണ്. അതേ ദിവസം വൈകുന്നേരം അഞ്ചിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഒക്ടോബര്‍ 17 ന് നടക്കും. ഒക്ടോബര്‍ 19 ന് വോട്ടെണ്ണല്‍. അന്നു തന്നെ ഫലം പ്രഖ്യാപിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.