മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രശസ്തമായ ഫൂട്ടി ക്ലബ്ബിന്റെ സി.ഇ.ഒ പദവി ഏറ്റെടുത്ത് 30 മണിക്കൂറിനുള്ളില്‍ സ്ഥാനം രാജിവച്ച് ആന്‍ഡ്രൂ തോര്‍ബേണ്‍. ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരേയുള്ള നിലപാടുകള്‍ പുലര്‍ത്തുന്ന എ.എഫ്.എല്‍ എസന്‍ഡണ്‍ ക്ലബിന്റെ ആശയങ്ങളോട് സമരസപ്പെട്ടു മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് അപ്രതീക്ഷിത രാജി. ഉന്നതമായ പദവിക്കു വേണ്ടി തന്റെ ക്രൈസ്തവ മൂല്യങ്ങള്‍ ബലികഴിക്കാന്‍ തയാറല്ലെന്ന് ആന്‍ഡ്രൂ തോര്‍ബേണ്‍ വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമുണ്ടാകുന്ന സമ്മര്‍ദങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.
സ്വവര്‍ഗരതി, ഗര്‍ഭഛിദ്രം എന്നീ വിഷയങ്ങളില്‍ ക്രൈസ്തവ വിശ്വാസിയായ ആന്‍ഡ്രൂ തോര്‍ബേണ്‍ പുലര്‍ത്തുന്ന നിലപാടുകള്‍ എസന്‍ഡണിന്റെ ആശയങ്ങളുമായി യോജിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വീട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്ന് ആന്‍ഡ്രൂ തോര്‍ബേണും ക്ലബ്ബ് പ്രസിഡന്റ് ഡേവ് ബര്‍ഹാമും വ്യക്തമാക്കിയിരുന്നു.
സ്വവര്‍ഗരതിയെയും ഗര്‍ഭച്ഛിദ്രത്തെയും ശക്തമായി അപലപിക്കുന്ന സിറ്റി ഓണ്‍ എ ഹില്‍ എന്ന പെന്തക്കോസ്ത് സഭയുടെ ചെയര്‍മാനാണ് ആന്‍ഡ്രൂ തോര്‍ബേണ്‍. ആശയപരമായി തികച്ചും വ്യത്യസ്തമായ രണ്ടു സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയില്ലെന്ന് അറിയിച്ച ആന്‍ഡ്രൂ രാജി വയ്ക്കുകയാണെന്ന് അറിയിച്ചതായി ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു.
ക്ലബിന്റെ ചീഫ് എക്സിക്യൂട്ടീവായി 30 മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്തത്. ക്രൈസ്തവ സഭയുടെ ചെയര്‍മാനെന്ന നിലയില്‍ ക്ലബ്ബില്‍നിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ക്രൈസ്തവ മൂല്യങ്ങളില്‍ വിട്ടുവീഴച്ച ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന് പദവിയില്‍ തുടരാമായിരുന്നു. എന്നാല്‍ തന്റെ മനസാക്ഷി അനുവദിക്കുന്ന ഒരു തലത്തിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ ഓസ്‌ട്രേലിയ ബാങ്കിന്റെ മുന്‍ സി.ഇ.ഒയുമാണിദ്ദേഹം.
കുട്ടിക്കാലം മുതല്‍ പിന്തുണയ്ക്കുകയും ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ക്ലബ്ബിന്റെ നേതൃപദവിയിലാണ് തോര്‍ബേണ്‍ എത്തിയത്. എന്നാല്‍ സ്വവര്‍ഗരതിയെയും ഗര്‍ഭച്ഛിദ്രത്തെയും എതിര്‍ക്കുന്ന ഒരു സഭയുടെ ചെയര്‍മാനാണെന്ന് വ്യക്തമായതോടെ സ്ഥാനത്തു തുടരാന്‍ നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ക്ലബിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായി. ഇതിനു വഴങ്ങാതിരുന്നതോടെയാണ് രാജി.
സിറ്റി ഓണ്‍ എ ഹില്‍ ചര്‍ച്ചിന്റെ വെബ്സൈറ്റില്‍ 2013-ല്‍ തോര്‍ബേണ്‍ നടത്തിയ ഒരു പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ സ്വവര്‍ഗാനുരാഗം പാപമാണെന്നു പറയുന്ന തോര്‍ബേണ്‍ ഗര്‍ഭച്ഛിദ്രത്തെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളോടും ഉപമിക്കുന്നുണ്ട്. ഈ പ്രസംഗം ക്ലബ് അവലോകനം ചെയ്തതായി എസെന്‍ഡണ്‍ പ്രസിഡന്റ് ഡേവ് ബര്‍ഹാം പറഞ്ഞു. ക്ലബ് എന്ന നിലയില്‍ എസെന്‍ഡന്റെ മൂല്യങ്ങളുമായി ആ കാഴ്ചപ്പാടുകള്‍ യോജിക്കുന്നില്ലെന്ന് ഡേവ് ബര്‍ഹാം പറഞ്ഞു. ഇതോടെ രാജിസമ്മര്‍ദമുണ്ടായെന്നും സൂചനയുണ്ട്.
ആന്‍ഡ്രൂ രാജി വച്ചതിനെതുടര്‍ന്ന് ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവായ നിക്ക് റയാന്‍ ഈ റോളില്‍ തുടരും. അതേസമയം ക്ലബ്ബ് പുതിയ ഒരാളെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.