ഫുട്‌ബോള്‍ മത്സരത്തിനിടെ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച സിഡ്നി യുണൈറ്റഡ് ആരാധകന് ആജീവനാന്ത വിലക്ക്

ഫുട്‌ബോള്‍ മത്സരത്തിനിടെ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച സിഡ്നി യുണൈറ്റഡ് ആരാധകന് ആജീവനാന്ത വിലക്ക്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിനിടെ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ആരാധകന് ഫുട്ബോള്‍ ഓസ്ട്രേലിയ (എഫ്.എ) ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.

കഴിഞ്ഞ ദിവസം സിഡ്‌നിയിലെ കോംബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയ കപ്പ് ഫൈനലില്‍ മക്കാര്‍ത്തൂര്‍ എഫ്‌സിയും സിഡ്‌നി യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് ആരാധകരുടെ അതിരുവിട്ട പെരുമാറ്റമുണ്ടായത്. സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോണ് നാസി സല്യൂട്ട് അനുകരിച്ച സിഡ്‌നി യുണൈറ്റഡ് ആരാധകനെ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഫുട്ബോള്‍ ഓസ്ട്രേലിയ ഭരണസമിതി കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചത്.

ഫുട്ബോള്‍ ഓസ്ട്രേലിയ (എഫ്എ) സംഘടിപ്പിക്കുന്ന എല്ലാ ഗെയിമുകളില്‍നിന്നും ഇയാളെ വിലക്കിയിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഫുട്ബോള്‍ ഓസ്ട്രേലിയ തുടരുകയാണ്. ന്യൂ സൗത്ത് വെയില്‍സ് പോലീസുമായും രണ്ട് ക്ലബ്ബുകളുമായും സഹകരിച്ചാണ് പരിശോധന. മത്സരം കാണാനായി 16,000-ലധികം ആരാധകരാണ് സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി നടന്ന വെല്‍കം ടു കണ്‍ട്രി ചടങ്ങിലാണ് ചില സിഡ്‌നി യുണൈറ്റഡ് ആരാധകര്‍ പ്രകോപനപരമായി പെരുമാറിയത്.

ഇവര്‍ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഹിറ്റ്‌ലര്‍ സല്യൂട്ട് അനുകരിക്കുകയും ഫാസിസ്റ്റ് ഗാനങ്ങള്‍ ആലപിക്കുകയും ആക്രോശിക്കുകയും ചെയ്തു. ജനക്കൂട്ടത്തിനിടയില്‍ തീയിട്ട്‌ പുക സൃഷ്ടിച്ചും ടോയ്ലറ്റ് പേപ്പറുകളും മറ്റും വലിച്ചെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇത് അവിടെയുള്ള ക്യാമറകളില്‍ പതിഞ്ഞിരുന്നു.

ആരാധകരുടെ സാമൂഹിക വിരുദ്ധ പെരുമാറ്റം ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മറ്റുള്ളവരെ വേദനിപ്പിക്കുകയും വ്രണപ്പെടുത്തുകയും ചെയ്തു. ഫുട്‌ബോള്‍ സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കാത്ത ഏതാനും ചിലരുടെ പെരുമാറ്റം മൂലം മികച്ച മത്സത്തിന്റെ എല്ലാ ആവേശവും ഇല്ലാതായതായി ഫുട്ബോള്‍ ഓസ്ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ജോണ്‍സണ്‍ പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സ് ജൂത ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസ് ചീഫ് എക്‌സിക്യൂട്ടീവ് ഡാരന്‍ ബാര്‍ക്ക് എഫ്.എയുടെ ശിക്ഷാനടപടിയെ സ്വാഗതം ചെയ്തു. ഇത്തരം പെരുമാറ്റം ജൂത സമൂഹത്തിനും തദ്ദേശീയ സമൂഹത്തിനും മാത്രമല്ല, എല്ലാ ഓസ്ട്രേലിയക്കാര്‍ക്കും അപമാനമാണെന്നും കൂടുതല്‍ ശിക്ഷാനടപടികള്‍ ഫുട്ബോള്‍ ഓസ്ട്രേലിയയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.