ഒരുമിച്ചു പ്രവർത്തിക്കുക! ഇപ്പോൾ പ്രവർത്തിക്കുക; കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി പുറത്തിറക്കി വത്തിക്കാൻ

ഒരുമിച്ചു പ്രവർത്തിക്കുക! ഇപ്പോൾ പ്രവർത്തിക്കുക; കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി പുറത്തിറക്കി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യാപ്തിയും അപകടവും വിവരിക്കുന്ന ഡോക്യുമെന്ററിയിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച് ഫ്രാൻസിസ് പാപ്പാ. 'ലൗദാത്തോ സി’ അഥവാ മാർപാപ്പ സഭയിലെ എല്ലാ ബിഷപ്പുമാർക്കുമായി അയച്ച കത്തിനെ ആസ്പദമാക്കി തയ്യാറാക്കിയ 'ദി ലെറ്റർ' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ചൊവ്വാഴ്ചയാണ് നടന്നത്.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെ തടയാനുള്ള മാനവികതയുടെ ശക്തി കാണിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഡോക്യുഫിലിം ഒരുമിച്ച് പ്രവർത്തിക്കുവാനും, ഇപ്പോൾ തന്നെ പ്രവർത്തിക്കാനും സർവജനങ്ങളോടുമുള്ള ശക്തമായ ആഹ്വാനമാണ്.

വളരെ വൈകാരികമായ വ്യക്തിഗത സംഭവങ്ങളും ആഗോള പ്രതിസന്ധിയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഡാറ്റയും പരിസ്ഥിതിക്കും മനുഷ്യരാശിക്കും ഇത് വരുത്തുന്ന നാശനഷ്ടങ്ങളും കൊണ്ട് നിറഞ്ഞതാണ് ഈ ഡോക്യുമെന്ററി. ആഗോള ചർച്ചകളിൽ കേൾക്കാത്ത നാല് വീക്ഷണ കോണുകളിൽ നിന്നുള്ള ചർച്ചകളിലേക്കാണ് മാർപ്പാപ്പ ശ്രദ്ധ തിരിക്കുന്നത്.

ദരിദ്രരിൽ നിന്നും തദ്ദേശീയരിൽ നിന്നും യുവജനങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നുമുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും പ്രഭാഷണത്തിലേക്ക് കൊണ്ടുവരുന്നു. വിവിധ വിഷയങ്ങളെ കുറിച്ച് അവതരിപ്പിക്കുന്നവർ സെനഗൽ, ആമസോൺ, ഇന്ത്യ, ഹവായ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. റോമിലേക്കുള്ള അവരുടെ യാത്രയും അവിടെ നടന്ന അവിശ്വസനീയമായ സംഭവങ്ങളും ഈ ഡോക്യുമെന്ററി വിവരിക്കുന്നു.

നമുക്ക് ചുറ്റിലുമുള്ള പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് കൂടുതൽ മനസിലാക്കി കഴിഞ്ഞാൽ പിന്നെ നമുക്ക് തിരിഞ്ഞു നോക്കാൻ കഴിയില്ലെന്ന് ലൗദാത്തോ സി മൂവ്മെന്റിന്റെ അധ്യക്ഷ ലോർണ ഗോൾഡ് പറയുന്നു. ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കങ്ങളും മറ്റ് പ്രകൃതിദുരന്തങ്ങളും സാധാരണമായി മാറിയിരിക്കുന്നു എന്നും കാലക്രമേണ ഈ സ്ഥിതി കൂടുതൽ വഷളാകുമെന്നും ചിത്രത്തിന്റെ ആദ്യ അവതരണ വേളയിൽ തന്നെ ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്മെന്റ് സർവ്വീസിനായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മൈക്കൽ സെർണി മുന്നറിയിപ്പ് നൽകി.

ഊഹക്കച്ചവടത്തിനും സംശയത്തിനും നിഷേധത്തിനും നിരുത്തരവാദപരമായ ജനകീയതയ്ക്കും സമയം കഴിഞ്ഞു. ഇനി നമ്മുടെ ഭൂമിയെ പരിപാലിക്കുന്നതിൽ മാനവരാശി അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഒരുമിച്ച് പരിഹരിക്കണമെന്നും കർദിനാൾ മൈക്കൽ സെർണി വ്യക്തമാക്കി.

ഡികാസ്റ്ററി ഫോർ ദി സർവീസ് ഓഫ് ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്മെന്റ്, ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ ഓഫ് ഹോളി സീ എന്നിവയുമായി സഹകരിച്ചാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ നിക്കോളാസ് ബ്രൗണും കർദ്ദിനാൾ മൈക്കൽ സെർണിയും ചേർന്നാണ് ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ പ്രദർശനത്തോടെ പാരീസ് ഉടമ്പടി എന്നറിയപ്പെടുന്ന ലാൻഡ്മാർക്ക് 2015 ലെ കാലാവസ്ഥാ ഉടമ്പടികളിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ രാജ്യമായി വത്തിക്കാൻ മാറി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.