വടക്കഞ്ചേരി അപകടം: ഡ്രൈവര്‍ ജോമോനെ വിശദമായി ചോദ്യം ചെയ്യും; കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

വടക്കഞ്ചേരി അപകടം: ഡ്രൈവര്‍ ജോമോനെ വിശദമായി ചോദ്യം ചെയ്യും; കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്തില്‍ സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഉറങ്ങിപ്പോയതല്ല കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്ന് ജോമോന്‍ ഇന്നലെ മൊഴിയില്‍ പറഞ്ഞതെങ്കിലും പോലീസ് അതു വിശ്വസിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ശാസ്ത്രീയ പരിശോധന നടത്തി യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ജോമോനെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.

ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുമെന്ന സൂചനകളും ഉണ്ട്. നിലവില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും ഗതാഗത നിയമലംഘനത്തിനുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. അപകടസമയം ജില്ലാ പോലീസ് മേധാവിയോട് ഉള്‍പ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം, ഇയാള്‍ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ആയിരിക്കും പോലീസ് അന്വേഷിക്കുക.

ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിച്ച ജോമോന്‍, ബസ് ഉടമക അരുണ്‍, എന്നിവരെ കൊല്ലം ചവറയില്‍ വച്ച് പോലീസ് പിടികൂടിയത്. പാലക്കാട് നിന്ന് കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോന്‍ പിടിയിലാകുമ്പോള്‍ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്.
അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ വേഗ പൂട്ടില്‍ കൃത്രിമത്വം നടന്നിട്ടുള്ളതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ് .ശ്രീജിത്ത് പറഞ്ഞു. ബസ് ഉടമയ്‌ക്കെതിരെയും കേസെടുക്കാനുള്ള കുറ്റമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.