ന്യൂഡല്‍ഹി: എല്‍ടിടിഇ പുനരുജ്ജീവിപ്പിക്കാന്‍ ലഹരിക്കടത്ത് പണം ഉപയോഗിക്കുന്നതായി എന്‍ഐഎ. മുന്‍പ് ഇന്ത്യ കേന്ദ്രമാക്കിയായിരുന്നു എല്‍ടിടിഇ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. എല്‍ടിടിഇ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണോ ലഹരിക്കടത്ത് സജീവമാകുന്നതെന്ന കാര്യമാണ് എന്‍ഐഎ ഗൗരവമായി പരിശോധിക്കുന്നത്.
മഹിന്ദ രാജപക്‌സെ ഭരണകൂടം 13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൈനിക നടപടിയിലൂടെ ശ്രീലങ്കയില്‍ നിന്ന് എല്‍ടിടിഇയെ പിഴുതെറിഞ്ഞത്. ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന സാഹചര്യം മുതലെടുത്ത് എല്‍ടിടിഇ തിരിച്ചു വരവിനു ശ്രമിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയും ഈ സാഹചര്യം വിശദമായി പരിശോധിക്കുകയാണ്.
വേലുപ്പിള്ള പ്രഭാകരന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ വധിക്കപ്പെട്ടെങ്കിലും പഴയതിലും ശക്തമായി തമിഴ്പുലികള്‍ തിരിച്ചു വരുമെന്ന പ്രചാരണം ശക്തമാണ്. ഈ വര്‍ഷം മൂന്നാം തവണയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇതിനെപ്പറ്റി അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ മെയ് 19ന് തമിഴ്നാട്ടില്‍ നിന്ന് സഞ്ജയ് പ്രകാശ്, നവീന്‍ എന്നീ യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. എല്‍ടിടിഇക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് കണ്ടെത്തിയിരുന്നു.
കടല്‍ വഴിയുള്ള ലഹരിക്കടത്തിലെ പാക് ബന്ധത്തില്‍ എന്‍ഐഎയും അന്വേഷണത്തിന് ഒരുങ്ങുകയാണ്. മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രം വഴി 3000 കോടിയുടെ ലഹരിയും എകെ 47 തോക്കും കടത്തിയത് ഹാജി സലിം ഗ്രൂപ്പാണെന്നും ഇവരുടെ നെറ്റ്‌വര്‍ക്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.
രാജ്യന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യന്‍ നേവി നടപടി ആരംഭിച്ചിരിക്കുകയാണ്. റോ, എന്‍.സി.ആര്‍.ബി, ഐ.ബി തുടങ്ങിയ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷന്‍.
അതേസമയം മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവി ഒപ്പറേഷന്‍ ആരംഭിച്ചതായി ഡിഫന്‍സ് പി.ആര്‍.ഒ കമാന്റര്‍ അതുല്‍ പിള്ള വെളിപ്പെടുത്തി. നേവിയുടെ കീഴിലുള്ള സമുദ്ര അതിര്‍ത്തിയില്‍ ഉടനീളം പരിശോധന നടത്തും. ഇന്ത്യന്‍ സമുദ്ര അതിര്‍ത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കും.
സമുദ്ര മാര്‍ഗം ശത്രു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തുന്നതായി ഇന്റലിജിന്‍സ് മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ തീരത്തു മുഴുവന്‍ ഇനി നേവിയുടെ മയക്കു മരുന്ന് പരിശോധന കൃത്യമായി നടക്കും. നിരീക്ഷണ ഹെലികോപ്റ്റര്‍റുകള്‍ കടലില്‍ മുഴുവന്‍ സമയ പരിശോധന നടത്തും. നേവി എയര്‍ പട്രോളിങും ശക്തമാക്കും. മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവിയുടെ വി.ബി.എസ് ഓപ്പറേഷനാണ് നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.