വിനോദ സഞ്ചാരികളേ... ഇതിലേ...ഇതിലേ; കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂത്തു

വിനോദ സഞ്ചാരികളേ... ഇതിലേ...ഇതിലേ; കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂത്തു

അടിമാലി: ശാന്തമ്പാറ പഞ്ചായത്തിനെ വീണ്ടും വീണ്ടും നീലപ്പട്ടണിയിച്ച് കുറിഞ്ഞിയുടെ പൂക്കാലം. പഞ്ചായത്തിലുള്ള കള്ളിപ്പാറയിലെ മൂന്ന് മലമടക്കുകളിലാണ് കുറിഞ്ഞി പൂത്തുലഞ്ഞത്.

ശാന്തമ്പാറ-തേക്കടി സംസ്ഥാന പാതയില്‍ ശാന്തമ്പാറയില്‍ നിന്ന് ആറ് കിലോ മീറ്റര്‍ സഞ്ചരിച്ച് അവിടെ നിന്ന് ജീപ്പ് റോഡ് വഴി ഒരു കിലോ മീറ്റര്‍ സഞ്ചരിച്ച ശേഷം ഒരു കിലോ മീറ്ററോളം കുത്തനെയുള്ള മല കയറിയാല്‍ കള്ളിപ്പാറയിലെത്താം.

കാലാവസ്ഥ വ്യതിയാനം ബാധിക്കാതെ നീലക്കുറിഞ്ഞികള്‍ വീണ്ടും പൂവിട്ടത് വിനോദ സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന സഹ്യന്റെ ഭാഗമാണ് കള്ളിപ്പാറ മലനിരകള്‍. ഇവിടെ നൂറ് കണക്കിന് നിലക്കുറിഞ്ഞി ചെടികളാണ് കൂട്ടത്തോടെ പൂവിട്ട് നില്‍ക്കുന്നത്.

ഈ മലനിരകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ തമിഴ്നാടിന്റെ ഭാഗമായ തേനി ജില്ലയിലെ വിവിധ സ്ഥലങ്ങളും കാണാനാകും എന്ന പ്രത്യേകതയുണ്ട്. വിവരമറിഞ്ഞ് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

അതേ സമയം സഞ്ചാരികള്‍ ഇവ നശിപ്പിക്കാതിരിക്കാന്‍ വേണ്ട നടപടി പഞ്ചായത്തും വനംവകുപ്പും ചേര്‍ന്ന് നടത്തണമെന്ന ആവശ്യവും ശക്തമാണ്. 2019 ല്‍ ഇതിന് സമീപം തോണ്ടിമലയില്‍ നീലക്കുറിഞ്ഞി പൂത്തിരുന്നു. 2021ല്‍ തൊടുപുഴക്ക് സമീപം കുടയത്തൂരിലെ ചക്കിക്കാവ് മലനിരകളിലും നീലക്കുറിഞ്ഞി പൂവിട്ടിരുന്നു. ഇവിടെയെല്ലാമെത്തിയ ടൂറിസ്റ്റുകള്‍ വലിയ തോതില്‍ പൂക്കള്‍ പറിച്ച് നശിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.