മോസ്‌കോ: ഉക്രെയ്ന്‍ യുദ്ധത്തിനിടെ കടല്‍പ്പാലത്തില്‍ ഉഗ്രസ്‌ഫോടനം. ക്രൈമിയ ഉപദ്വീപിനെ റഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
2014 ലെ യുദ്ധത്തില്‍ ഉക്രെയ്‌നില്‍ നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാതയായ കെര്‍ച്ച് പാലത്തിലാണ് പ്രാദേശിക സമയം രാവിലെ 6.07 ന് സ്‌ഫോടനം ഉണ്ടായത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനു കീഴില്‍ റഷ്യ നിര്‍മിച്ച നൂറ്റാണ്ടിലെ നിര്‍മിതിയെന്നും മറ്റും റഷ്യന്‍ മാധ്യമങ്ങള്‍ പുകഴ്ത്തിയതും ഏറെ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമായ പാലത്തിലെ സ്‌ഫോടനം ഉക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യന്‍ സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
പാലത്തിലൂടെ സഞ്ചരിച്ച ട്രെയിനിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിനു പിന്നിലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും സ്‌ഫോടനത്തിനു പിന്നില്‍ ട്രക്ക് ബോംബ് ആക്രമണമാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ടു ചെയ്തു. സ്‌ഫോടനം അന്വേഷിക്കാന്‍ റഷ്യന്‍ ഭരണകൂടം നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തെക്കന്‍ റഷ്യയിലെ കുബന്‍ പ്രദേശത്തെ ഒരാളാണ് സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ തകര്‍ന്ന ട്രക്കിനു സമീപം സഞ്ചരിച്ച കാറിലുണ്ടായിരുന്ന രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കടലിടുക്കില്‍ നിന്ന് കണ്ടെടുത്തതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഒരു ട്രക്കും കാറും പാലത്തിലൂടെ അടുത്തടുത്ത് സഞ്ചരിക്കുന്നത് വ്യക്തമാണ്.
2018 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഉത്തരവ് പ്രകാരം നിര്‍മിച്ച പാലം തെക്കന്‍ ഉക്രെയ്‌നില്‍ യുദ്ധത്തിലേര്‍പ്പെട്ട റഷ്യന്‍ സൈനികര്‍ക്ക് യുദ്ധസാമഗ്രികള്‍ എത്തിക്കുന്നതില്‍ ഏറെ നിര്‍ണായകമാണ്. ക്രൈമിയ മേഖലയിലെ കടലിടുക്കില്‍ സേവനമനുഷ്ഠിക്കുന്ന നാവികര്‍ക്കും സാധനസാമഗ്രികള്‍ എത്തിക്കുന്ന ഈ പാലത്തിലുണ്ടായ സ്‌ഫോടനം റഷ്യയിലെ സൈനിക കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കി.
കര, വ്യോമ, കടല്‍ മാര്‍ഗങ്ങളില്‍ ഏറെ സുരക്ഷാ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തിയ പാലമാണെന്ന് റഷ്യ പലപ്പോഴും ആവര്‍ത്തിച്ച പാലത്തിലാണ് സ്‌ഫോടനമുണ്ടായതെന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ക്രൈമിയ ഉപദ്വീപിനെ റഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കാനാണ് 400 കോടി ഡോളര്‍ ചെലവില്‍ 18 കിലോമീറ്റര്‍ നീളത്തിലുള്ള പാലം നിര്‍മിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ പാലം കൂടിയാണിത്. മോട്ടര്‍ വാഹനങ്ങള്‍ക്കും ട്രെയിനിനും പ്രത്യേക പാതകളുളള ഈ പാലത്തില്‍ കാര്‍ ഉള്‍പ്പെടെയുള്ളവ സഞ്ചരിക്കാന്‍ നിര്‍മിച്ച ഭാഗം സ്‌ഫോടനത്തില്‍ തകര്‍ന്നുവീണതായാണ് മേഖലയില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.