ആന്‍ഡ്രൂ തോര്‍ബേണ് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി; ഫൂട്ടി ക്ലബ്ബിനെ പ്രതിഷേധമറിയിക്കാന്‍ ഓണ്‍ലൈന്‍ കാമ്പെയ്ന്‍

ആന്‍ഡ്രൂ തോര്‍ബേണ് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി; ഫൂട്ടി ക്ലബ്ബിനെ പ്രതിഷേധമറിയിക്കാന്‍ ഓണ്‍ലൈന്‍ കാമ്പെയ്ന്‍

മെല്‍ബണ്‍: ക്രൈസ്തവ മൂല്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്ന നിലപാടിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ പ്രശസ്തമായ ഫൂട്ടി ക്ലബ്ബിന്റെ സി.ഇ.ഒ പദവിയില്‍നിന്ന് രാജിവയ്‌ക്കേണ്ടി വന്ന ആന്‍ഡ്രൂ തോര്‍ബേണെ പിന്തുണച്ച് കാമ്പെയ്‌നുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍). ആന്‍ഡ്രൂ തോര്‍ബേണിന്റെ നിര്‍ബന്ധിത രാജിയില്‍ ഓസ്‌ട്രേലിയയിലെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഒരു വ്യക്തിയുടെ മതവിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമായാണ് എ.എഫ്.എല്‍ എസന്‍ഡണ്‍ ക്ലബ്ബിന്റെ നീക്കത്തെ പലരും വിമര്‍ശിച്ചത്.

ഫുട്‌ബോള്‍ ക്ലബിന്റെ നിലപാടില്‍ മൗനം പാലിച്ചാല്‍ ഏതൊരു തൊഴിലുടമയ്ക്കും തന്റെ തൊഴിലാളിയുടെ മതവിശ്വാസത്തെ ലക്ഷ്യം വയ്ക്കുന്നതിന് അവസരമൊരുങ്ങുമെന്ന് എ.സി.എല്‍ ദേശീയ ഡയറക്ടര്‍ വെന്‍ഡി ഫ്രാന്‍സിസ് മുന്നറിയിപ്പു നല്‍കുന്നു. അതിനാല്‍ ക്ലബ്ബിന്റെ നിലപാടുകള്‍ക്കെതിരേ ശക്തമായ സന്ദേശം ഇ-മെയിലൂടെയും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയും അറിയിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

അതിനായി വാര്‍ത്തയ്‌ക്കൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് എസന്‍ഡണ്‍ ഫുട്‌ബോള്‍ ക്ലബ്ബിനും എ.എഫ്.എല്ലിനും ഇ-മെയില്‍ അയച്ച് പ്രതിഷേധം അറിയിക്കാനും എ.സി.എല്‍ ആഹ്വാനം ചെയ്യുന്നു.


വെന്‍ഡി ഫ്രാന്‍സിസ്

ഫുട്‌ബോള്‍ ക്ലബ്ബില്‍നിന്ന് രാജിവച്ചതിനു ശേഷം വിവിധ മതവിഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പേരാണ് ആന്‍ഡ്രൂ തോര്‍ബേണിന് പിന്തുണയര്‍പ്പിച്ച് രംഗത്തുവന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗാനുരാഗം എന്നിവ സംബന്ധിച്ച തോര്‍ബേണിന്റെ വ്യക്തിപരമായ നിലപാട് ക്ലബ്ബിന്റെ നിലപാടിനോട് യോജിക്കുന്നതല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രാജിസമ്മര്‍ദമുണ്ടായത്. ഒരാളുടെ മതവിശാസത്തിന്റെ പേരില്‍ നിയമനം റദ്ദാക്കുന്നത് കടുത്ത അനീതിയാണെന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

സ്വവര്‍ഗാനുരാഗം, ഭ്രൂണഹത്യ എന്നിവയെ ശക്തമായി എതിര്‍ക്കുന്നയാളാണ് ആന്‍ഡ്രൂ തോര്‍ബേണ്‍. ഇദ്ദേഹം പെന്തക്കോസ്ത് സഭയുടെ ചെയര്‍മാനുമാണ്.

ദശലക്ഷക്കണക്കിന് ഓസ്ട്രേലിയക്കാര്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യന്‍ കാഴ്ചപ്പാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ക്ലബ്ബ് നിലപാട് വ്യക്തമാക്കിയത്. സ്വവര്‍ഗാനുരാഗം, ഗര്‍ഭച്ഛിദ്രം എന്നീ വിഷയങ്ങളിലുള്ള ആന്‍ഡ്രൂ തോര്‍ബേണിന്റെ വീക്ഷണങ്ങള്‍ ക്ലബ്ബിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ക്ലബ്ബ് പ്രസിഡന്റ് ഡേവിഡ് ബര്‍ഹാമിന്റെ വിചിത്രമായ വാദം.

തന്റെ വ്യക്തിപരമായ മതവിശ്വാസം പൊതുസ്ഥലത്ത് പലരാലും അംഗീകരിക്കപ്പെടുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നുള്ള ആന്‍ഡ്രൂ തോര്‍ബേണിന്റെ പ്രസ്താവന വലിയ ദുഃഖത്തോടെയാണ് അനേകം ഓസ്ട്രേലിയക്കാര്‍ ശ്രവിച്ചത്.

തങ്ങള്‍ സഹിഷ്ണുതയും വൈവിധ്യവും പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് ക്ലബ് സ്വയം പ്രഖ്യാപിക്കുന്നത്. എന്നാല്‍ അത് സ്വവര്‍ഗാനുരാഗം, ഭ്രൂണഹത്യ എന്നിവ സംബന്ധിച്ച ക്രിസ്ത്യന്‍ വീക്ഷണങ്ങള്‍ തള്ളിക്കളയുന്നവര്‍ക്കു മാത്രമാണു ബാധകം.

ക്ലബ്ബിന്റെ മൂല്യങ്ങള്‍ ന്യായബോധമുള്ള ഓസ്ട്രേലിയക്കാരുടെ നിലപാടുകളുമായി പൊരുത്തപ്പെടുന്നതല്ല. ലൈംഗികതയെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നത് വെറുപ്പോ വിദ്വേഷമോ ആയി കാണരുത്.

എസന്‍ഡണ്‍ ഫുട്‌ബോള്‍ ക്ലബ്ബിനും എ.എഫ്.എല്ലിനും ഇ-മെയില്‍ അയച്ച് പ്രതിഷേധം അറിയിക്കാനുള്ള എ.സി.എല്ലിന്റെ ലിങ്ക് ചുവടെ:

https://www.acl.org.au/cm_nat_thorburn?utm_medium=email&utm_campaign=CM%202210%20NAT%20Thorburn%20Essendon&utm_content=CM%202210%20NAT%20Thorburn%20Essendon+CID_f561dd8639295c2eaa0d348530fd0e5e&utm_source=CreateSend&utm_term=Email%20the%20Essendon%20FC%20to%20stand%20for%20religious%20freedom%20right%20now

വിശദമായ വായനയ്ക്ക്:

ക്രൈസ്തവ മൂല്യങ്ങള്‍ ബലികഴിക്കാന്‍ സമ്മര്‍ദം; ഓസ്ട്രേലിയന്‍ ഫൂട്ടി ക്ലബ്ബിന്റെ സി.ഇ.ഒ പദവി ഒരു ദിവസത്തിനകം രാജിവച്ച് ആന്‍ഡ്രൂ തോര്‍ബേണ്‍



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.