'ആ മരണത്തിന് ഉത്തരവാദി പുഴുവല്ല...'; പരുത്തിത്തോട്ടത്തിലെ സംഭവത്തില്‍ പ്രചരിക്കുന്നത് വ്യാജ വിവരങ്ങള്‍

 'ആ മരണത്തിന് ഉത്തരവാദി പുഴുവല്ല...'; പരുത്തിത്തോട്ടത്തിലെ സംഭവത്തില്‍ പ്രചരിക്കുന്നത് വ്യാജ വിവരങ്ങള്‍

കൊച്ചി: 'കടി കിട്ടിയാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ മരണം ഉറപ്പ്. പരുത്തി തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരുതരം പുഴുവാണ്. കര്‍ണാടകയിലാണു കണ്ടുപിടിച്ചത്. ഇവ പാമ്പിനെക്കാള്‍ വിഷമുള്ളതാണ്. എല്ലാവര്‍ക്കും പ്രത്യേകിച്ച് കൃഷിക്കാര്‍ക്കും പങ്ക് വെയ്ക്കാനാണ് പറഞ്ഞിരിക്കുന്നത്'. ഇങ്ങനെ ഒരു കുറിപ്പിനൊപ്പം അരികുകളില്‍ പച്ചനിറത്തില്‍ തൂവല്‍ പോലെ നിറയെ രോമ അലങ്കാരവും തിളങ്ങുന്ന വര്‍ണമുത്തുകള്‍ കോര്‍ത്തെടുത്ത പോലെ അതിമനോഹര ശരീരവും ഉള്ള ഒരു കാറ്റര്‍പില്ലറിന്റെ ചിത്രം കൂടി പങ്കു വെച്ചിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

ഹിന്ദിയില്‍ വന്ന ഒരു കുറിപ്പ് ആരോ മലയാളത്തിലേയ്ക്ക് മാറ്റിയപ്പോള്‍ വന്ന പ്രശ്‌നമാണത്. പരുത്തി തോട്ടത്തില്‍ മരിച്ച് കിടക്കുന്ന രണ്ടു പേരുടെ ഭയാനക ചിത്രവും കൂടെ ചേര്‍ത്തതോടെ ഷെയറോട് ഷെയറാണ് ഈ സംഗതിയ്ക്ക്.

പലതരം ശലഭങ്ങളുടെ മുട്ടവിരിഞ്ഞ് പുറത്ത് വരുന്ന ലാര്‍വ പുഴുക്കളെയാണ് കാറ്റര്‍പില്ലറുകള്‍ എന്ന് പറയുക. അവ സാധാരണയായി സസ്യ ഭാഗങ്ങള്‍ കറുമുറെ തിന്നാണ് വളരുക. പലതവണ ഇവ ഉറപൊഴിച്ച് രൂപം മാറിയാണ് വലുതാകുക. ഇരപിടിയന്മാരില്‍ നിന്നും തടി രക്ഷിക്കാന്‍ പലതരം അനുകൂലനങ്ങള്‍ പരിണാമത്തിന്റെ ഭാഗമായി ആര്‍ജ്ജിച്ചുള്ള രൂപത്തിലും സ്വഭാവത്തിലും ഉള്ളവരെയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. ലിമാകോഡിഡേ (Limacodidae) വിഭാഗത്തില്‍ പെട്ട നിശാശലഭങ്ങളുടെ കുഞ്ഞുങ്ങളായ പുഴുക്കള്‍ക്ക് അതിജീവനത്തിനായുള്ളത് ശരീരം നിറയെ Urticating hairs (urticating bristles) പ്രത്യേക രോമങ്ങള്‍ ആണ്. (കൊടിത്തൂവ- ചൊറിയണം, നായ്ക്കുരുണം തുടങ്ങിയ ചെടികളും ഇത്തരം മുനരോമങ്ങള്‍ ആണ് സ്വരക്ഷയ്ക്കായി ആര്‍ജ്ജിച്ചിട്ടുള്ളത്). ഇവയുടെ പ്രത്യേകത എവിടെയെങ്കിലും മുട്ടിയാല്‍ അവയുടെ അഗ്രം അറ്റ് തറച്ച് കയറും എന്നതാണ്.

ചിലയിനം Limacodidae കാറ്റര്‍പില്ലറുകളില്‍ രോമമുനയുടെ മറ്റേ അഗ്രം ചില വിഷഗ്രന്ഥികളോട് ബന്ധിപ്പിച്ചാണ് ഉണ്ടാകുക. മുനപൊട്ടിത്തറയുന്നയിടത്ത് ആ വിഷവും എത്തും. അതിന്റെ സ്വഭാവം അനുസരിച്ച് ഇവയെ തൊട്ടാല്‍, മുന ദേഹത്ത് കൊണ്ടാലുടന്‍ ഷോക്കടിച്ചപോലെ ഒരു കടുത്ത മിന്നല്‍ വേദനയുണ്ടാകും. അത് കുറച്ച് സമയത്തേക്ക് നിലനില്‍ക്കുകയും ചെയ്യും.

അതിനാല്‍ പല ഇരപിടിയന്മാരും ഈ പുഴുക്കളെ ഒരുതവണ രുചിച്ച് പണികിട്ടിയാല്‍ പിന്നീട് ഒഴിവാക്കും. എങ്കിലും നിലത്തുരച്ച് മുനയൊടിച്ച് തിന്നുന്ന പക്ഷികളും ഉണ്ട്. 'എനിക്ക് വിഷമുണ്ട് , സൂക്ഷിച്ചാല്‍ നല്ലത് എന്ന മുന്നറിയിപ്പ് സൂചനയാണ് കടും നിറങ്ങള്‍. പക്ഷെ ലിമകൊഡിഡെ വിഭാഗത്തിലെ കാറ്റര്‍പില്ലറുകളുടെ വിഷമുള്ളുകൊണ്ടാല്‍ മനുഷ്യര്‍ക്ക് ജീവാപായം ഒന്നും സംഭവിക്കുക്കില്ല. ലോകത്ത് എവിടെയും അങ്ങനെ ആരെങ്കിലും മരിച്ചതായും അറിവില്ല. അലര്‍ജിയുടെയും വേദനയുടേയും അളവ് ഒരോരോ ആളുകള്‍ക്ക് അനുസരിച്ച് ചെറിയ വ്യത്യാസം ഉണ്ടാകും എന്നുമാത്രം.

കൂടിയാല്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന അലര്‍ജിക് റിയാക്ഷനുകള്‍, ചൊറിച്ചില്‍ ഒക്കെ മാത്രമേ കാണാറുള്ളു. അപൂര്‍വമായി കുട്ടികള്‍ക്ക് വൈദ്യസഹായം വേണ്ടി വന്നേക്കാം. അതിനാല്‍ തന്നെ കടി കിട്ടിയാല്‍ അഞ്ച് മിനിട്ടിനുള്ളില്‍ മരണം ഉറപ്പ്, പാമ്പിനേക്കാള്‍ വിഷം എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തുന്നതില്‍ ഒരു കാര്യവും ഇല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.