ബസുകളിലെ പരിശോധന തുടര്‍ന്നാല്‍ പണിമുടക്ക്: മുന്നറിയിപ്പുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

ബസുകളിലെ പരിശോധന  തുടര്‍ന്നാല്‍ പണിമുടക്ക്: മുന്നറിയിപ്പുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

കൊച്ചി: വടക്കഞ്ചരി ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് സ്വകാര്യ ബസുകളിലടക്കം സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ പണിമുടക്ക് ഭീഷണിയുമായി ബസുടമകളുടെ സംഘടന.

ഡീസല്‍ വില വര്‍ധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും ബസുടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന് ഉടമകള്‍ പറയുന്നു. ഇതിനിടയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയുടെ പേരില്‍ ബസ് തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കുന്നത് തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ നിര്‍ബന്ധിതമാകുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ മുന്നറിയിപ്പ്.

ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞുനിര്‍ത്തി ഭീമമായ പിഴ ചുമത്തുന്നത് സര്‍വീസ് നടത്താനാകാത്ത സാഹചര്യത്തിലെത്തിച്ചു. ടൂറിസ്റ്റ് ബസുകളില്‍ വ്യാപക പരിശോധന നടത്തുന്നതിനിടയിലും നിയമലംഘനം നടത്തുന്ന ബസുകള്‍ നാളെ മുതല്‍ നിരത്തില്‍ വേണ്ടെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനും പിന്നാലെയാണ് സ്വകാര്യ ബസ് സംഘടന ഇത്തരമൊരു നീക്കം നടത്തുന്നത്.

സര്‍ക്കാര്‍ പറയുന്ന സ്പീഡ് ഗവര്‍ണര്‍ ഫിറ്റു ചെയ്താണ് ബസുകള്‍ സര്‍വീസ് നടത്തി വരുന്നതെന്നും ഈ സ്പീഡ് ഗവര്‍ണറുകള്‍ റിപ്പയര്‍ ചെയ്യാനുളള കടകള്‍ പോലും സംസ്ഥാനത്തില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ബസുകളോട് സൗമ്യത വേണ്ടെന്നും ഫ്‌ളാഷ് ലൈറ്റും ഡി.ജെ സംവിധാനവുമൊക്കെയുളള ബസില്‍ കുട്ടികള്‍ വിനോദ യാത്ര പോകേണ്ടതില്ലെന്നും ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.