സിഡ്‌നി: മെൽബൺ, അഡ്‌ലെയ്ഡ് വിമാനത്താവളങ്ങളിൽ സുരക്ഷാ വീഴ്ച ഉണ്ടായതിനെത്തുടർന്ന് വിമാനം വൈകിയതായി റിപ്പോർട്ട്. ഇരു സംഭവങ്ങളും ആകസ്മികമാണെന്നും പരസ്പരബന്ധമില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ന് രാവിലെ ഒരാൾ 'അബദ്ധത്തിൽ' മെൽബൺ വിമാനത്താവളത്തിലെ സ്ക്രീനിംഗ് മേഖല കടന്നതിന് പിന്നാലെ ടേക്ക്ഓഫിന് തയ്യാറായ വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ച് വിളിച്ച് രണ്ടാമതും സുരക്ഷാസ്‌ക്രീനിംഗ് നടപ്പിലാക്കിയതായി ക്വാണ്ടസ് വ്യക്തമാക്കി.
സുരക്ഷാസ്‌ക്രീനിംഗ് പൂർത്തിയാക്കിയവർക്ക് മാത്രം അനുവാദമുള്ള വിമാനത്താവളത്തിലെ മേഖലയിലേക്ക് ഒരാൾ 'അബദ്ധത്തിൽ' കടന്നുവെന്നാണ് ക്വാണ്ടസ് വ്യക്തമാക്കിയത്. സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങളിൽ കയറിയിരുന്ന യാത്രക്കാരെ തിരിച്ച് വിളിച്ചാണ് രണ്ടാമതും സ്ക്രീനിംഗ് നടപ്പിലാക്കിയത്.
പെർത്തിൽ നിന്ന് എത്തിയ യാത്രക്കാരൻ സുരക്ഷാഗേറ്റിന്റെ എതിർദിശയിലൂടെ പ്രവേശിച്ചതിന് പിന്നാലെ സുരക്ഷാ അലാറം മുഴങ്ങിയതായി അധികൃതർ പറഞ്ഞു. സുരക്ഷാ ലംഘനം നടത്തിയ യാത്രക്കാരനെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് ചോദ്യം ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. കേസെടുത്തിട്ടില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ യാത്രക്കാരെ തിരിച്ചുവിളിച്ചതായി യാത്രക്കാരും വ്യക്തമാക്കി. യാത്രാക്കാരെ തിരിച്ച് വിളിക്കേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി മനസ്സിലാക്കുന്നുവെന്നും സുരക്ഷ കണക്കിലെടുത്താണ് നടപടി സ്വീകരിക്കേണ്ടിവന്നതെന്നും ക്വാണ്ടസ് വക്താവ് പറഞ്ഞു.
സുരക്ഷയാണ് പ്രഥമ പരിഗണന. എന്നാൽ ഈ തടസ്സം യാത്രക്കാർക്ക് ചില അസൗകര്യങ്ങൾ ഉണ്ടാക്കുന്നുവെന്ന് അറിയാം. അതിന് ക്ഷമ ചോദിക്കുന്നുവെന്നും ക്വാണ്ടസ് വിശദീകരിച്ചു. സാഹചര്യം കണക്കിലെടുത്ത് പല സർവീസുകളും വൈകാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ സ്ക്രീനിംഗ് നടപടികൾ പുനരാരംഭിച്ചതായി മെൽബൺ എയർപോർട്ട് ട്വീറ്റ് ചെയ്തു.
അഡ്‌ലെയ്ഡ് വിമാനത്താവളത്തിലും സമാനമായ സംഭവത്തെ തുടർന്ന് യാത്രക്കാർക്ക് യാത്ര വൈകേണ്ടി വന്നു. അഡ്‌ലെയ്ഡിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലമുണ്ടായ സുരക്ഷാ ലംഘനത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇന്ന് രാവിലെ 9 മണിയ്ക്ക് ശേഷമാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
വിമാനത്തവാളത്തിലെ സുരക്ഷാ ഉപകരണങ്ങളുടെ ഒരു ഭാഗം തകരാറിലായതോടെയാണ് പിഴവ് സംഭവിച്ചതെന്ന് കരുതുന്നതായി എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ഇതോടെ ടെർമിനലിൽ നിന്ന് ക്രമാനുഗതമായി യാത്രക്കാരെ ഒഴിപ്പിക്കുകയും വീണ്ടും ഇവരുടെ സുരക്ഷസ്‌ക്രീനിംഗ് നടത്തുകയും ചെയ്തു.
പ്രത്യേക സാചര്യത്തിൽ ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.