എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ് പിന്‍വലിപ്പിക്കാന്‍ ഇടനില നിന്നു; കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ് പിന്‍വലിപ്പിക്കാന്‍ ഇടനില നിന്നു; കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ഇടനില നിന്നെന്ന് പരാതിയില്‍ ആരോപണ വിധേയനായ കോവളം സ്റ്റേഷന്‍ ഹൗസ് ഓഫിസറെ സ്ഥലം മാറ്റി. കോവളം എസ്എച്ച്ഒ ജി.പ്രൈജുവിനെയാണ് ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എസ്.ബിജോയിക്കാണ് പകരം നിയമനം.

എംഎല്‍എയ്‌ക്കെതിരെ യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതി അദ്ദേഹം കോവളം എസ്എച്ച്ഒയ്ക്കു കൈമാറിയിരുന്നു. പരാതി പിന്‍വലിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും അതിന് ഇടനിലക്കാരനായി എസ്എച്ച്ഒ നിന്നുവെന്നും യുവതി ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം.

ആലപ്പുഴ തൃക്കുന്നപ്പുഴ സ്റ്റേഷന്‍ എസ്എച്ച്ഒ എം.എം.മഞ്ജുദാസിനെ നെയ്യാര്‍ ഡാം സ്റ്റേഷനിലേക്കും പട്ടണക്കാട് എസ്എച്ച്ഒ ആര്‍.എസ്.ബിജുവിനെ തൃക്കുന്നപ്പുഴയിലേക്കും സ്ഥലംമാറ്റി.

കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അഡി.സെഷന്‍സ് കോടതി ശനിയാഴ്ച വാദം കേള്‍ക്കും. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപികയാണ് കോവളം പോലീസിനു പരാതി നല്‍കിയത്. തുടര്‍ന്ന് കുന്നപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എംഎല്‍എ ഒളിവിലാണെന്നാണ് സൂചന.

സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന പിആര്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥയായാണ് യുവതിയെ തനിക്ക് പരിചയപ്പെട്ടതെന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു. പിന്നീട് പരസ്പരം സൗഹൃദത്തിലായി. വീട്ടിലും ഓഫിസിലും കണ്ടുമുട്ടാറുണ്ടായിരുന്നു. ഒരു ദിവസം ഓഫിസില്‍ എത്തിയ യുവതി തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു. ഇതിനുശേഷം പണം ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ പീഡന പരാതിയുമായി പോലീസിനെ സമീപിക്കുകയാണ് ചെയ്തതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി കഴിഞ്ഞ മാസം 28നാണ് യുവതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കമ്മിഷണര്‍ കോവളം സിഐയ്ക്കു പരാതി കൈമാറി. ഇതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി സുഹൃത്ത് വഞ്ചിയൂര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പിന്നീട് യുവതി വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായി മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് നാടുവിട്ടതെന്ന് അറിയിച്ചു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കോവളം പോലീസിനോട് ആരാഞ്ഞു. ഇന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തിയെങ്കിലും പൂര്‍ണമായി മൊഴിയെടുക്കാനായില്ല. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് യുവതി ആശുപത്രിയിലായി.

കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം യുവതിയുടെ പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് കെപിസിസി വിശദീകരണം തേടി. കുറ്റം തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. ഒരു കമ്മിഷനേയും അന്വേഷണത്തിന് വച്ചിട്ടില്ല. വിശദീകരണം കിട്ടിയാല്‍ ബാക്കി എന്ത് എന്നത് കേസിനെ ആസ്പദമാക്കിയായിരിക്കും തീരുമാനിക്കുകയെന്നും സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.