ഇലന്തൂരിലെ മൃതദേഹങ്ങള്‍ രണ്ടും സ്ത്രീകളുടേത് തന്നെ; ഔദ്യോഗിക സ്ഥിരീകരണം

ഇലന്തൂരിലെ മൃതദേഹങ്ങള്‍ രണ്ടും സ്ത്രീകളുടേത് തന്നെ; ഔദ്യോഗിക സ്ഥിരീകരണം

പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്കേസിൽ പുറത്തെടുത്ത മൃതദേഹങ്ങൾ രണ്ടും സ്ത്രീകളുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് സ്ഥിരീകരണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. നാളെ സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം മൃതദേഹാവിശഷ്ടങ്ങൾ പൊലീസിന് വിട്ടുകൊടുക്കും.

പരിശോധനയ്ക്കായി ബന്ധുക്കളുടേതടക്കമുള്ളവരുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സാമ്പിൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

എറണാകുളം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പർ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിർദേശിച്ചു. ഈ മാസം 24 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും.

കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തു കൊണ്ടു വരേണ്ടതുണ്ട്. കൂടുതൽ പേരെ പ്രതികൾ ഇരയാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. അതിനാൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.