"സെന്റ് മൈക്കിൾ: മീറ്റ് ദ ഏഞ്ചൽ" , "മദർ തെരേസ" ബോക്‌സ് ഓഫീസ് ഹിറ്റുകൾ: ക്രൈസ്തവ പശ്ചാത്തലം ഉള്ള സിനിമകൾക്ക് ഹോളിവുഡിൽ വൻ സ്വീകരണം


വാഷിംഗ്ടൺ ഡിസി: കത്തോലിക്കാ സിനിമകളായ "സെന്റ് മൈക്കിൾ: മീറ്റ് ദ ഏഞ്ചൽ", "മദർ തെരേസ: നോ ഗ്രേറ്റർ ലവ്" എന്നിവയ്ക്ക് വമ്പൻ പ്രതികരണം. അന്ധകാരത്തിന്റെയും അരാജകത്വത്തിന്റെയും ലോകത്ത് തിന്മയെ നേരിടാൻ ദൈവം നമുക്ക് സഹായിയായി നൽകിയ ദൈവദൂതന്റെ കഥപറയുന്ന സെന്റ് മൈക്കൽ: മീറ്റ് ദ ഏഞ്ചൽ സിനിമാപ്രേമികളുടെ അഭ്യർത്ഥയെ തുടർന്ന് ഒക്‌ടോബർ 12, 13 തീയതികളിൽ ബിഗ് സ്ക്രീനിലേക്ക് ഒരിക്കൽക്കൂടി എത്തി.

കൂടാതെ അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം അവതരിപ്പിക്കുന്ന മദർ തെരേസ: നോ ഗ്രേറ്റർ ലവ് എന്ന ഡോക്യുമെന്ററി സിനിമ നവംബർ രണ്ടിന് വീണ്ടും തിയേറ്ററുകളിൽ എത്തും. സെപ്റ്റംബർ 29 നും ഒക്ടോബർ മൂന്ന്, നാല് തിയതികളിലുമായി തിയേറ്ററുകളിൽ എത്തിയ ഈ സിനിമകളും ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. തുടർന്ന് ആരാധകരുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഒരിക്കൽ കൂടി സിനിമകൾ തിയേറ്ററിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്.

നവംബർ രണ്ടിന് യു.കെ, കാനഡ എന്നിവിടങ്ങളിലാണ് മദർ തെരേസ: നോ ഗ്രേറ്റർ ലവ് വീണ്ടും പ്രദർശനത്തിന് എത്തുന്നത്. കൂടാതെ, നവംബർ ഏഴിന് അമേരിക്കയിലെ തിയറ്ററുകളിൽ സ്പാനിഷ് പതിപ്പ് പ്രദർശിപ്പിക്കുമെന്നും സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

അമേരിക്കയിലെമ്പാടുമുള്ള ആയിരത്തോളം തിയേറ്ററുകളിൽ പ്രദര്‍ശിപ്പിച്ച മദർ തെരേസ: നോ ഗ്രേറ്റർ ലവ് കേവലം രണ്ട് ദിവസംകൊണ്ട് 1.2 മില്യൺ ഡോളർ കളക്ഷൻ നേടിയിരുന്നു. പ്രദർശനത്തിലൂടെ ലഭിച്ച വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവിടുമെന്ന നിർമാതാക്കളുടെ പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ അത്മായ സംഘടനയായ ‘നൈറ്റ് ഓഫ് കൊളംബസ്’ നിർമിച്ച സിനിമ അമേരിക്കയിലെ വിനോദ വ്യവസായ മേഖലയിൽ പ്രമുഖരായ ‘ഫാത്തം ഇവന്റ്‌സാ’ണ് വിതരണത്തിന് എത്തിച്ചത്.

1950-ൽ ഇന്ത്യയിലെ കൊൽക്കത്തയിൽ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസസഭയ്ക്ക് രൂപം നൽകിയ വിശുദ്ധ മദർ തെരേസയുടെ ജീവിതം രേഖപ്പെടുത്തുന്നതിനൊപ്പം മദർ തെരേസയും മിഷണറി സിസ്റ്റേഴ്സും ലോകമെമ്പാടും ചെലുത്തുന്ന സ്വാധീനം വരച്ചുകാട്ടുന്നതുമാണ് സിനിമ. അഞ്ച് ഭൂഖണ്ഡങ്ങളിലായി ചിത്രീകരിച്ച സിനിമ അതതു പ്രദേശങ്ങളിൽ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ശുശ്രൂഷകളെ അടുത്തറിയാനും സഹായകമാണ്.

ഓഗസ്റ്റ് 29ന് റോമിലെ നോര്‍ത്ത് അമേരിക്കന്‍ സെമിനാരി കോളേജിലും, ഓഗസ്റ്റ് 31-ന് വത്തിക്കാന്‍ ഫിലിം ലൈബ്രറിയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. കര്‍ദ്ദിനാള്‍ കോളേജിലെ ഡീനായ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രദര്‍ശനം കണ്ടിരിന്നു.


അതേസമയം ഫാത്തം ഇവന്റസും സോനോവിഷനും സംയുക്തമായി വിതരണം ചെയ്യുന്ന "സെന്റ് മൈക്കിൾ: മീറ്റ് ദ എയ്ഞ്ചൽ" വിശുദ്ധ മിഖായേൽ മാലാഖയുടെയും മറ്റ് മാലാഖമാരുടെയും ശക്തിയും സ്വഭാവവും എടുത്തുകാണിക്കുന്നു. കാൻഡലേറിയ പ്രൊഡക്ഷൻസ് ആണ് സിനിമയുടെ നിർമ്മാണം.

സെപ്തംബർ 29-ലെ തിയേറ്റർ അരങ്ങേറ്റത്തിൽ 625,000 ഡോളർ കളക്ഷൻ സിനിമ നേടിയിരുന്നു. ആ ദിവസം ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളിൽ മൂന്നാം സ്ഥാനത്തായിരുന്നു സെന്റ് മൈക്കിൾ: മീറ്റ് ദ എയ്ഞ്ചൽ. ഒക്ടോബർ 12 പ്രദർശനത്തിനെത്തിയപ്പോൾ ഡോക്യുമെന്ററിയുടെ സ്പാനിഷ് സബ്ടൈറ്റിലുകളും ഉൾപ്പെടുത്തിയിരുന്നു.

വിശുദ്ധ മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രേക്ഷകരെ ഈ ഡോക്യുമെന്ററി സിനിമ കൊണ്ടുപോകുന്നു. വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യങ്ങൾ, ആകർഷകമായ സഭാ ചരിത്രം, ക്രിസ്ത്യൻ കലയുടെയും വാസ്തുവിദ്യയുടെയും അതിശയകരമായ ഉദാഹരണങ്ങളും സിനിമയിൽ ദൃശ്യമാകുന്നു.

വിശുദ്ധ മിഖായേൽ മാലാഖയുടെ അസാധാരണ വ്യക്തിത്വത്തിലേക്ക് കാഴ്ചക്കാരെ അടുപ്പിക്കുന്ന മറ്റ് പല ഘടകങ്ങളും സിനിമയിൽ ഉൾപ്പെടുന്നുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. കൂടാതെ സിനിമയുടെ അവസാനത്തിൽ മാലാഖമാരെക്കുറിച്ചുള്ള വിദഗ്ധമായ അഭിപ്രായപ്രകടനത്തോടുകൂടിയ ഒരു ബോണസ് ഫീച്ചറും ഉൾപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.