വിക്ടോറിയന്‍ നഗരമായ ബെന്‍ഡിഗോയിലെ റോഡ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നിലയില്‍
മെല്‍ബണ്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ജനത. മഴ കുറഞ്ഞ് വെള്ളമിറങ്ങിയെങ്കിലും വിക്‌ടോറിയ സംസ്ഥാനത്തെ റോഡുകള്‍ നേരിടുന്ന വലിയ തകര്‍ച്ചയാണു ജനത്തെ ദുരിതത്തിലാക്കുന്നത്. കനത്ത മഴ പെയ്യുന്നതിനുള്ള ഇടവേളകള്‍ കുറഞ്ഞതും വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ധിച്ചതുമാണ് റോഡുകള്‍ ശോചാവ്യസ്ഥയിലാവാന്‍ കാരണം.
കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും നദികളിലെ ജലനിരപ്പ് താഴാത്തതു മൂലം സംസ്ഥാനത്തെ പല റോഡുകളും പാലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. വെള്ളം പൂര്‍ണമായും ഇറങ്ങാതെ റോഡുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്താനുമായിട്ടില്ല. പല റോഡുകളും വിണ്ടുകീറി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട നിലയിലാണ്. ഇത് അടിയന്തരമായി നേരേയാക്കാന്‍ വന്‍ തുക ചിലവഴിക്കേണ്ടി വരുമെന്നാണ് വിക്ടോറിയന്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
അതിനിടെ, കാലവര്‍ഷക്കെടുതി മൂലം രാജ്യത്ത് ഭക്ഷ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നേക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് മുന്നറിയിപ്പ് നല്‍കി. വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, ടാസ്മാനിയ എന്നീ സംസ്ഥാനങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ഇവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചതോടെ പഴങ്ങള്‍, പച്ചക്കറികള്‍, മാംസം എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ വില വര്‍ധിക്കും. പണപ്പെരുപ്പത്തിന്റെ ആഘാതവും ബജറ്റിനെ ബാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗോതമ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ കൃഷിയില്‍നിന്ന് നല്ല വിളവെടുപ്പാണ് പ്രതീക്ഷിച്ചിരുന്നതെന്നും മഴ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തതായും കര്‍ഷകര്‍ പറഞ്ഞതായി പ്രധാനമന്ത്രി എ.ബി.സിയോട് വ്യക്തമാക്കി. കോഴി വളര്‍ത്തല്‍ പോലുള്ള മേഖലകളെയും പ്രതികൂല കാലാവസ്ഥ നഷ്ടത്തിലാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിളകള്‍, കന്നുകാലികള്‍ എന്നിവ നഷ്ടമായ കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കൃഷി മന്ത്രി മുറെ വാട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളമുള്ള റോഡുകളിലെ പതിനായിരത്തോളം കുഴികൾ നികത്തിയതായി വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു. റോഡുകളും പാലങ്ങളും അടിയന്തരമായി നേരേയാക്കാന്‍ സര്‍ക്കാര്‍ 165 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നും വിക്ടോറിയന്‍ പ്രീമിയര്‍ അറിയിച്ചു. ഇത് പ്രാരംഭമായി അനുവദിച്ച തുകയാണെന്നും അറ്റകുറ്റപ്പണികള്‍ക്കായി കൂടുതല്‍ തുക വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വ്യാഴാഴ്ച അഞ്ചു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ മഴയാണ് വിക്‌ടോറിയയില്‍ പെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ റോഡുകളില്‍ അഗാധമായ ഗര്‍ത്തങ്ങളും രൂപപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് ജീവനക്കാരാണ് വലിയ തകര്‍ച്ച നേരിടുന്ന റോഡുകള്‍ പരിശോധിക്കാനിറങ്ങിയത്. മഴയെത്തുടര്‍ന്ന് ഉണ്ടായ ഏകദേശം 10,000 കുഴികള്‍ ഇവര്‍ നികത്തി.
വെള്ളം ഇറങ്ങുന്നതോടെ തങ്ങളുടെ കാര്‍ഷിക വിളകള്‍ക്കുണ്ടായ നാശനഷ്ടം കണക്കാക്കാന്‍ കാത്തിരിക്കുകയാണ് വിക്ടോറിയയിലെ കര്‍ഷകരും. വലിയ നഷ്ടം ഉണ്ടാകുമെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് വിക്ടോറിയന്‍ ഫാര്‍മേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് എമ്മ ജെര്‍മാനോ പറഞ്ഞു. ഇത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കുമെന്ന് അവര്‍ പറഞ്ഞു. ഉടമസ്ഥര്‍ വീടൊഴിഞ്ഞു പോയ പല സ്ഥലങ്ങളിലും വളര്‍ത്തു മൃഗങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതും കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
വെള്ളം ഇറങ്ങുമ്പോള്‍, നാശനഷ്ടങ്ങളുടെ ആഘാതം കൂടുതല്‍ വ്യക്തമാകുമെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും വിക്ടോറിയന്‍ എമര്‍ജന്‍സി സര്‍വീസസ് മന്ത്രി ജാക്ലിന്‍ സൈംസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.