തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: അദാനിക്കെതിരായ കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്:  അദാനിക്കെതിരായ കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു നല്‍കിയ എയര്‍പോര്‍ട്ട് അതോറിറ്റി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. വസ്തുതകള്‍ പരിശോധിച്ചാണ് എയര്‍പോര്‍ട്ട് കൈമാറ്റം ഹൈക്കോടതി ശരിവച്ചതെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസി ലേലത്തില്‍ പങ്കെടുത്തതാണ്. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തില്‍ വാഗ്ദാനം ചെയ്തപ്പോള്‍ അദാനി ഗ്രൂപ്പ് 168 രൂപയാണ് വാഗ്ദാനം ചെയ്തതെന്നും അതിനാലാണ് കെഎസ്ഐഡിസി ലേലത്തില്‍ പിന്തള്ളപ്പെട്ടുപോയതെന്നുമുള്ള ഹൈക്കോടതി വിലയിരുത്തല്‍ സുപ്രീം കോടതി പരാമര്‍ശിച്ചു.

കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തിയ പരിചയം തങ്ങള്‍ക്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും അതും കണക്കിലെടുക്കാന്‍ കോടതി തയ്യാറായില്ല. എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം അറുപത് വയസാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

എന്നാല്‍ അദാനിയുടെ ജീവനക്കാരായി മാറിയാല്‍ ഇതൊന്നും ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് യൂണിയന്റെ അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ജീവനക്കാര്‍ക്ക് മറ്റ് വിമാനത്താവളങ്ങളിലേക്ക് പോകാന്‍ അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.

2021 ഒക്ടോബര്‍ മുതല്‍ അദാനി ഗ്രൂപ്പാണ് വിമാനത്താവളം നടത്തുന്നത്. അതുകൊണ്ടു തന്നെ ഹര്‍ജിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി അറിയിച്ചു. അതേസമയം സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം നിലനില്‍ക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 2020 ഒക്ടോബര്‍ 19 ന് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അതേ വര്‍ഷം നവംബറില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം ഇന്ന് രണ്ട് മണിക്കൂറോളം വാദം കേട്ട ശേഷം തള്ളിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.