മനാമ: ഫ്രാന്‍സിസ് മാർപാപ്പയുടെ ബഹ്റൈന്‍ സന്ദർശനവുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ ആരംഭിച്ചു. നവംബർ അഞ്ചിന് ബഹ്റൈന്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പതിനായിരകണക്കിന് പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24,000 പേരെ ഉള്‍ക്കൊളളാന്‍ കഴിയുന്നതാണ് സ്റ്റേഡിയം. രാവിലെ 8.30ന് ആരംഭിക്കുന്ന പരിപാടിയിൽ എത്രപേർ പങ്കെടുക്കുമെന്ന് അറിവായിട്ടില്ല.
സന്ദർശനത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സതേൺ വികാരിയേറ്റ് അംഗങ്ങൾക്കായി റിസർവ് ചെയ്ത സ്ഥലങ്ങളില്‍ രജിസ്ട്രേഷൻ ഓൺലൈനിൽ മാത്രമായിരിക്കും.നാല് ദിവസത്തെ സന്ദർശനത്തില്‍ നിർണായകമാണ് ബഹ്റൈന്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ തുറസ്സായ സ്ഥലത്ത് നടക്കുന്ന കുർബാന. മാർപാപ്പ ദേശീയ-മത നേതാക്കളെ കാണുകയും പള്ളികളും പ്രാദേശിക സ്കൂളുകളും സന്ദർശിക്കുകയും ചെയ്യും.രജിസ്ട്രേഷൻ വിശദാംശങ്ങൾ സന്ദർശന വെബ്സൈറ്റിൽ കാണാം.
സ്ഥല പരിമിതിയുളളതിനാല്‍ കുർബാനയിൽ പങ്കെടുക്കാൻ ഗൗരവമായി ഉദ്ദേശിക്കുന്ന സതേൺ വികാരിയേറ്റിലെ വിശ്വാസികൾക്കായി കർശനമായി സംവരണം ചെയ്തിട്ടുള്ള രജിസ്ട്രേഷൻ സംവിധാനം ഓൺലൈനിൽ മാത്രമാണ് നടപ്പിലാക്കുന്നതെന്ന് വെബ്‌സൈറ്റ് പറയുന്നു.
നവംബർ മൂന്ന് മുതല്‍ ആറുവരെയാണ് മാർപാപ്പ രാജ്യത്തെത്തുക. കിഴക്കും പടിഞ്ഞാറും മനുഷ്യസഹവർത്തിത്വത്തിനായി എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മാർപാപ്പ ബഹ്റൈനില്‍ എത്തുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 200 ലധികം മത നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനം.
നവംബർ മൂന്നിന് രാവിലെ പ്രാദേശിക സമയം 9.30 ന് റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ നിന്നാണ് മാർപാപ്പ പുറപ്പെടുക. ബഹ്റൈന്‍ നഗരമായ അവാലിയില്‍ വൈകീട്ട് പ്രാദേശിക സമയം 4.45 ന് എത്തുന്ന അദ്ദേഹം തുടർന്ന് സഖീർ രാജകൊട്ടാരത്തില്‍ വച്ച് ഹമദ് രാജാവിനെ സന്ദർശിക്കും. ബഹ്റൈന്‍ അധികാരികള്‍ സിവില്‍ സൊസൈറ്റി, നയതന്ത്ര സേന അധികൃതർ എന്നിവരുമായി കൂടികാഴ്ച നടത്തും.
വെള്ളിയാഴ്ച രാവിലെ ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗിന്‍റെ സമാപന സമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കും.ഉച്ചകഴിഞ്ഞ്, അദ്ദേഹം അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും.അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യയില്‍ സമാധാന പ്രാർത്ഥനയും മാർപാപ്പയുടെ നേതൃത്വത്തില്‍ നടക്കും. 161,000 വിശ്വാസികളുള്ള രാജ്യത്തെ കത്തോലിക്കർക്കായി രാവിലെ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ കുർബാനയും നടക്കും. ഉച്ചയ്ക്ക് സേക്രഡ് ഹാർട്ട് സ്‌കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും.ഞായറാഴ്ച രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രാദേശിക ബിഷപ്പുമാർ, വൈദികർ, സമർപ്പിത വ്യക്തികൾ, സെമിനാരികൾ, എന്നിവരുമായുള്ള പ്രാർത്ഥനാ യോഗത്തോടെ ഔദ്യോഗിക പരിപാടികള്‍ പൂർത്തിയാകും. വൈകീട്ട് 5 മണിയോടെ മാർപാപ്പ റോമിലേക്ക് തിരിക്കും.
ആഗോള കത്തോലിക്കാ സഭാ സംവിധാനത്തിൽ മധ്യപൂർവ്വദേശത്തെ രാജ്യങ്ങൾ രണ്ട് വികാരിയത്തുകളുടെ കീഴിലാണ്. യു എ ഇയിലെ എല്ലാ എമിറേറ്റ്കൾ , ഒമാൻ, യെമൻ എന്നീ രാജ്യങ്ങൾ അഭിവന്ദ്യ പൗലോ മാര്ട്ടിനെല്ലി പിതാവിന്റെ അജപാലനാധികാരത്തിന് കീഴിൽ സതേൺ വികാരിയേറ്റ് ആയും സൗദി, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങൾ നോർത്തേൺ വികാരിയേറ്റ് ആയും പ്രവർത്തിക്കുന്നു. അഭിവന്ദ്യ കമിലോ ബാലിൻ പിതാവിന്റെ നിര്യാണത്തിന് ശേഷം നോർത്തേൺ വികാരിയത്തിന്റെ ചുമതല അഭിവന്ദ്യ പോൾ ഹിൻഡർ പിതാവ് താത്കാലികമായി നിർവഹിക്കുന്നു. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ രെജിസ്ട്രേഷൻ സതേൺ വികാരിയത്തിലെ വിശ്വാസികൾക്ക് വേണ്ടിയാണ്. നോർത്തേൺ വികാരിയത്തിലെ വിശ്വാസികൾ അതാത് രാജ്യങ്ങളിലെ ഇടവകകൾ വഴി പേരുകൾ രജിസ്റ്റർ ചെയ്യണം.
ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ വിവരങ്ങൾ അടങ്ങുന്ന വെബ്സൈറ്റ്.
bahrainpapalvisit.org
സതേൺ വികാരിയത്തിലെ വിശ്വാസികൾക്ക് പങ്കെടുക്കുന്നതിന് രെജിസ്റ്റർ ചെയ്യനുള്ള ഓൺലൈൻ ഫോം.
https://docs.google.com/forms/d/e/1FAIpQLSeMs34jf2uWrLfGIgak7o586bqsYrRW-ORoQjB3EGG9-8-c4Q/viewform
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.