ന്യൂസീലൻഡ് പ്ലെയിൻ ലാംഗ്വേജ് ബിൽ പാസാക്കുന്നു; സങ്കീർണമായ ഭാഷയ്ക്ക് വിട: ഉദ്യോഗസ്ഥർ ലളിതമായ ഭാഷയിൽ ആശയവിനിമയം നടത്തണം

ന്യൂസീലൻഡ്  പ്ലെയിൻ ലാംഗ്വേജ് ബിൽ പാസാക്കുന്നു; സങ്കീർണമായ ഭാഷയ്ക്ക് വിട: ഉദ്യോഗസ്ഥർ ലളിതമായ ഭാഷയിൽ ആശയവിനിമയം നടത്തണം

വെല്ലിംഗ്ടൺ: പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ ഉദ്യോഗസ്ഥർ ലളിതവും എളുപ്പത്തിൽ മനസ്സിലാകുന്നതുമായ ഭാഷ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലെയിൻ ലാംഗ്വേജ് ബിൽ ന്യൂസീലൻഡ് പാസാക്കി. ബുധനാഴ്ചയാണ് ബിൽ പാസാക്കിയത്.

പുതിയ നിയമത്തിലൂടെ കഠിനവും സങ്കീർണ്ണമായ ഇംഗ്ലീഷ് വാക്കുകൾ ഉദ്യോഗസ്ഥർ സാധാരണക്കാരുമായി ആശയവിനിമയം നടത്തുമ്പോൾ ഒഴിവാക്കും. ഇന്നലെയായിരുന്നു ബിൽ മൂന്നാം തവണ പാർലമെന്റിൽ പരിഗണയ്ക്ക് വന്നത്.

പ്ലെയിൻ ലാംഗ്വേജ് ബിൽ പാസാക്കുന്നതിലൂടെ ന്യൂസീലൻഡ് കൂടുതൽ ജനാധിപത്യപരമായി മാറുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. കൂടാതെ ഇംഗ്ലീഷ് രണ്ടാം ഭാഷയായി സംസാരിക്കുന്നവരെയും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരെയും മറ്റെന്തെങ്കിലും തരത്തിലുള്ള ഭാഷ വൈകല്യമുള്ളവരെയും സഹായിക്കാനും നിയമത്തിലൂടെ ലക്ഷ്യമിടുന്നു.

സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളവരുമായി ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥർ പൊതുജനങ്ങളുമായി ലളിതമായ ഭാഷയിൽ ബന്ധപ്പെടേണ്ടതുണ്ടെന്ന് സർക്കാർ ആവശ്യപ്പെടുന്നത്. കൂടാതെ ബിൽ പണവും സർക്കാരിന്റെ സമയവും ലാഭിക്കുമെന്നും അധികൃതർ അഭിപ്രായപ്പെടുന്നു.

ന്യൂസീലൻഡിൽ താമസിക്കുന്നവർക്ക് സർക്കാർ എന്താണ് അവരോട് ചെയ്യാൻ ആവശ്യപ്പെടുന്നതെന്നും അവരുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും സർക്കാരിൽ നിന്ന് അവർക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്നും മനസിലാക്കാൻ അവകാശമുണ്ടെന്ന് ബിൽ അവതരിപ്പിച്ച എംപി റേച്ചൽ ബോയക്ക് പറഞ്ഞു.


എംപി റേച്ചൽ ബോയക്ക്

2021 സെപ്റ്റംബറിലാണ് ബിൽ ആദ്യമായി അവതരിപ്പിച്ചതെന്ന് ന്യൂസീലൻഡ് പാർലമെന്ററി ഓഫീസ് അറിയിച്ചു. ആദ്യത്തെ രണ്ട് തവണ ബിൽ പരിഗണനയ്ക്ക് വന്നപ്പോഴും ശക്തമായ സംവാദങ്ങൾ നടന്നിരുന്നു. തുടർന്ന് ലേബർ, ഗ്രീൻ, മാവോറി പാർട്ടികളുടെ പിന്തുണയോടെയാണ് ഇപ്പോൾ ബിൽ മൂന്നാം തവണ പരിഗണയ്ക്ക് വന്നതും അംഗീകാരം ലഭിച്ചതും.

അതേസമയം 2023 ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ പ്ലെയിൻ ലാംഗ്വേജ് ബിൽ റദ്ദാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രശ്നത്തെ അന്വേഷിക്കുന്ന ഒരു പരിഹാരമാണിത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്ലെയിൻ ലാംഗ്വേജ് ഓഫീസർമാരുടെ രൂപത്തിൽ ഉദ്യോഗസ്ഥരുടെ ഇടയിൽ പുതിയ ഒരു വിഭാഗം സൃഷ്ടിക്കപ്പെടുമെന്നും നാഷണൽ പാർട്ടി എംപി സിമിയോൺ ബ്രൗൺ പറഞ്ഞു.

ചില സമയങ്ങളിലെ ചൂടേറിയ സംവാദത്തിൽ ബില്ലിനെ പ്രതിരോധിക്കാനും ഒഴിവാക്കാനും ഷേക്സ്പിയർ, ചൗസർ, വില്യം വേഡ്സ്വർത്ത് തുടങ്ങിയവരെയാണ് എംപിമാർ ചർച്ചയിൽ ഉദ്ധരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.