മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം ഒഴിവായത് പൊലീസിന്റെ വീഴ്ചമൂലമെന്ന് കോടതി

മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം ഒഴിവായത് പൊലീസിന്റെ വീഴ്ചമൂലമെന്ന് കോടതി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയ മനഃപൂർവമുള്ള നരഹത്യ ഉൾപ്പെടെ കുറ്റങ്ങൾ ഒഴിവാക്കിയത് പൊലീസിന്‍റെ വീഴ്ചമൂലമെന്ന് വ്യക്തമാക്കി കോടതി. 

കേസിന്‍റെ ആദ്യഘട്ടം മുതൽ പൊലീസ് സ്വീകരിച്ച നടപടികളാണ് കൊലക്കുറ്റം ഒഴിവാക്കി സാധാരണ മരണമാക്കേണ്ടിവന്നതെന്നാണ് ഇതുസംബന്ധിച്ച കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.

പ്രാരംഭ ഘട്ടത്തിൽ പൊലീസ് ശരിയായ ഉൽസാഹം കാട്ടിയില്ലെന്ന് അഡീ. സെഷൻസ് കോടതിയുടെ പ്രതികളുടെ വിടുതൽ ഹർജി അംഗീകരിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രതി ഉന്നത ഉദ്യോഗസ്ഥനായത് കൊണ്ട് കീഴുദ്യോഗസ്ഥൻ ഭയന്നുപോയെന്ന് പറയുന്നതിന് ഒരു അടിസ്ഥാനവും ഇല്ല. കേസ് അട്ടിമറിക്കാൻ ഒന്നാംപ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ പ്രതി ഒളിവിൽ പോകില്ലേയെന്നും കോടതി ചോദിക്കുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും നൽകിയ വിടുതൽ ഹരജി കഴിഞ്ഞദിവസം കോടതി തീർപ്പാക്കിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന മനഃപൂർവമുള്ള നരഹത്യ ഒഴിവാക്കി കേസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സംഭവസ്ഥലത്ത് എത്തി. ശ്രീറാമിന്‍റെ ശരീരത്തിൽ മദ്യത്തിന്‍റെ അംശം ഉണ്ടോയെന്ന പരിശോധന പൊലീസ് നടത്തിയില്ല. സ്വകാര്യ ആശുപത്രിയിൽനിന്നും തിരികെ ജനറൽ ആശുപത്രിയിൽ ശ്രീറാമിനെ കൊണ്ട് വന്നപ്പോൾ പൊലീസ് പ്രാഥമികമായി നടത്തേണ്ടിയിരുന്ന നിയമനടപടികൾ എന്ത് കൊണ്ട് ചെയ്‌തില്ല. ഇവിടെ പ്രതിയുടെ ജോലി നോക്കേണ്ട സാഹചര്യം പൊലീസിന് ഇല്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. 

അന്വേഷണം നടത്തിയ പൊലീസ് നരഹത്യ വകുപ്പ് ചുമത്തിയപ്പോൾ കണ്ടെത്തേണ്ടിയിരുന്ന കാര്യങ്ങളൊന്നും കണ്ടെത്തിയില്ല. മരണത്തിന് കാരണമായതുൾപ്പെടെ കാര്യങ്ങളൊന്നും കുറ്റപത്രത്തിൽ പറയുന്നില്ല.

ബഷീർ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം കൊണ്ടാണോയെന്ന കാര്യം അന്വേഷണ സംഘം പറയുന്നില്ല. പ്രതി ശ്രീറാം അറിഞ്ഞുകൊണ്ട് മദ്യപിച്ച് വാഹനം ഓടിച്ച് കൊലപ്പെടുത്തിയെന്ന് പറയുന്നത് തെളിയിക്കുന്ന തെളിവുകൾ കുറ്റപത്രത്തിൽ ഇല്ല. ശ്രീറാം വാഹനം ഓടിച്ചപ്പോൾ മദ്യത്തിന്‍റെ ഗന്ധം ഉണ്ടായിരുന്നെന്ന സാക്ഷികളുടെ മൊഴിയുണ്ടെന്ന് പറയുന്നു. എന്നാൽ നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസിന് മൊഴി മാത്രം പോരാ തെളിവും വേണമെന്ന് അറിയില്ലേ -കോടതി ചോദിച്ചു.

അഡീ. ജില്ല സെഷന്‍സ് കോടതി ജഡ്‌ജി കെ. സനിൽ കുമാറിന്‍റെ ഉത്തരവിലാണ് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം രണ്ടു വർഷം വരെ ലഭിക്കാവുന്ന ശിക്ഷയായി മാറിയതിന്‍റെ വിശദീകരണം നൽകിയിട്ടുള്ളത്.

2019 ആഗസ്റ്റ് മൂന്ന് അർദ്ധരാത്രി ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീർ മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.