ബ്രിട്ടണിൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം; കടുത്ത പോരാട്ടം റിഷി സുനകും ബോറിസ് ജോൺസനും തമ്മിലാകുമെന്നും റിപ്പോർട്ട്

ബ്രിട്ടണിൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം; കടുത്ത പോരാട്ടം റിഷി സുനകും ബോറിസ് ജോൺസനും തമ്മിലാകുമെന്നും റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടനിലെ പ്രധാനമന്ത്രിയാകാൻ രണ്ടാം തവണയും ഊഴം തേടി ബോറിസ് ജോൺസൻ കളത്തിലിറങ്ങി. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഒഴിവുകാലം ആസ്വദിച്ചിരുന്ന ബോറിസ് യാത്ര പാതിവഴിയില്‍ നിര്‍ത്തി ബ്രിട്ടനിലേക്ക് ശനിയാഴ്ച തിരിച്ചതോടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുകയാണ്.

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇന്ത്യൻ വംശജനും മുൻ ചാൻസലറുമായ ഋഷി സുനകും തമ്മിലാകും പ്രധാന മത്സരം മാറ്റുരയ്ക്കുകയെന്നാണ് പുറത്ത് വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. കരീബിയൻ സന്ദർശനം അവസാനിപ്പിച്ചുള്ള ജോൺസന്റെ തിരിച്ചു വരവും മത്സരിക്കാൻ ആവശ്യമായ 100 എംപിമാരുടെ പിന്തുണ സുനക് നേടിയെടുക്കുകയും ചെയ്തതാണ് ഈ സൂചനയിലേക്കു വിരൽ ചൂണ്ടുന്നത്.

കൂടാതെ ബോറിസ് ജോൺസണും ഋഷി സുനകും കൂടിക്കാഴ്ച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ജോൺസനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം മാസങ്ങൾക്കിപ്പുറം കൺസർവേറ്റീവ് പാർട്ടി നേതാക്കൾ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

'ആഭ്യന്തര യുദ്ധം' ഒഴിവാക്കാൻ ഒരു 'സംയുക്ത ടിക്കറ്റിന് വഴങ്ങുന്നത്' ചർച്ച ചെയ്യാൻ നേതാക്കൾ ഒരുങ്ങുന്നതായും സൂചനയുണ്ട്. എന്നാൽ മൂന്ന് മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ സുനകിന്റെ നിലപാട് വ്യക്തമായില്ല എന്നാണ് റിപ്പോർട്ടുകൾ. ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.

ആറാഴ്ചത്തെ ഭരണത്തിന് ശേഷം വ്യാഴാഴ്ച രാജിവച്ച പ്രധാനമന്ത്രി ലിസ് ട്രസിന് പകരക്കാരനാകാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അവസാന റൗണ്ടുകളിൽ ലിസ് ട്രസിനോടു തോറ്റ പെനി മോർഡന്റ് മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. എന്നാൽ അവർക്ക് 22 എംപിമാരുടെ പിന്തുണ മാത്രമാണ് നിലവിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

റിഷി സുനകിന് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി കെമി ബാഡെനോക്ക് പിന്തുണയുമായി എത്തിയിരുന്നു. പ്രധാനമന്ത്രി പദവിക്ക് എറ്റവും അർഹനായ വ്യക്തി എന്നാണ് കെമി സുനകിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുൻ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബർക്ലേയും മുൻ ബ്രക്സിറ്റ് മിനിസ്റ്റർ ലോർഡ് ഫ്രോസ്റ്റും തങ്ങൾ ഋഷിക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബോറിസ് ജോൺസൻ രണ്ടാം തവണയും മത്സരിക്കുന്നതായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി മുൻവ്യവസായ മന്ത്രി ജെയിംസ് ഡഡ്രിജ് വെളിപ്പെടുത്തി. ജോൺസൺ 100 നോമിനേഷനുകൾ നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡഡ്രിജ് ഉൾപ്പെടെ മുൻ മന്ത്രിസഭയിലെ 3 മന്ത്രിമാർ ജോൺസണു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയായിരുന്ന ഇന്ത്യൻ വംശജ പ്രീതി പട്ടേലും അദ്ദേഹത്തെ സ്വാഗതം ചെയ്തു. പ്രതിരോധ സെക്രട്ടറി ബെൻവാലസും മുൻ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രവർമാനും ബോറിസ് ക്യാമ്പിലാണ് ഉള്ളത്.

എന്നാൽ മത്സരിക്കാൻ 100 എംപിമാരുടെ രേഖാമൂലമുള്ള പിന്തുണ വേണ്ട സ്ഥാനത്ത് ജോൺസണ് ഇതുവരെ 46 പേരുടെ പിന്തുണയേ ലഭിച്ചിട്ടുള്ളൂ എന്നും റിപ്പോർട്ടുണ്ട്. റിഷി സുനക്ക് 110-ലധികം എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. വേറെയും സ്ഥാനാർഥിയുണ്ടെങ്കിൽ 1,70,000 പാർട്ടി അംഗങ്ങളുടെ ഓൺലൈൻ വോട്ട് നിർണായകമാകും. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി വരെയാണ് നേതാക്കൾക്ക് പിന്തുണ ഉറപ്പാക്കാനുള്ള സമയം.

നിലവില്‍ വിഘടിച്ചു നില്‍ക്കുന്ന പാര്‍ട്ടിയെ യോജിപ്പിക്കുവാന്‍ ജോൺസനും സുനകിനും മദ്ധ്യേ ഒരു സന്ധി അനിവാര്യമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. ഇപ്പോള്‍ ഒരു നേതാവിനെ കണ്ടെത്തുക എന്നതിലുപരി അടുത്ത പൊതു തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചാണ് ഇത്തരത്തില്‍ ഉള്ള നീക്കങ്ങള്‍ നടത്തുന്നത്. സ്വന്തം പാർട്ടിക്കുള്ളിലും ബോറിസ് ജോൺസൻ ഇപ്പോഴും ശക്തനായ നേതാവ് തന്നെയാണ്. പാർട്ടിക്കുള്ളിൽ ഒരു ഹിതപരിശോധന നടത്തിയാലും മേൽക്കൈ അദ്ദേഹത്തിന് തന്നെയാകും എന്നതും ഉറപ്പാണ്.

ചില കൺസർവേറ്റീവ് പാർട്ടി അംഗങ്ങളെ സംബന്ധിച്ചിടത്തോളം ജോൺസൺ ഒരു വോട്ട് ജേതാവാണ്. ജോൺസന്റെ സെലിബ്രിറ്റി ഇമേജും ഊർജ്ജസ്വലമായ ശുഭാപ്തിവിശ്വാസത്തിന്റെ ബ്രാൻഡും ഉപയോഗിച്ച് രാജ്യത്തുടനീളം ആകർഷിക്കാൻ കഴിയുമെന്നും ഇവർ അവകാശപ്പെടുന്നു.

ചാൻസലർ സ്ഥാനത്ത് നിന്ന് ഋഷി സുനക് രാജിവെച്ചതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദത്തിൽ നിന്നുള്ള രാജിയിലേക്ക് വഴി വെച്ചത്. അതുകൊണ്ടാണ് ഇപ്പോഴും രണ്ട് പേരും രാഷ്ട്രീയ എതിരാളികളായി തന്നെയാണ് കഴിയുന്നത്. ഇരുവരും മത്സര രംഗത്ത് എത്തിയാൽ മികച്ച രീതിയില്‍ ഉള്ള സ്വീകാര്യത ലഭിക്കുമെന്നും ഉറപ്പാണ്.

ബോറിസ് ജോൺസൻ വീണ്ടും പ്രധാനമന്ത്രി ആയാൽ ടോറികൾക്ക് ലേബർ പാർട്ടിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇനി ടോറി നേതാക്കള്‍ക്ക് തിരക്കേറിയ മണിക്കൂറുകൾ ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.