സമയപരിധി കഴിഞ്ഞു; ഗവര്‍ണറുടെ അന്ത്യശാസനം ചെവിക്കൊള്ളാതെ വി.സിമാര്‍; ഹൈക്കോടതിയില്‍ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ്

സമയപരിധി കഴിഞ്ഞു; ഗവര്‍ണറുടെ അന്ത്യശാസനം ചെവിക്കൊള്ളാതെ വി.സിമാര്‍; ഹൈക്കോടതിയില്‍ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വി.സിമാര്‍ രാജിവെച്ചൊഴിയുന്നതിന് ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചു. എന്നാല്‍ വി സിമാരാരും രാജിവെച്ചില്ല. ഇന്ന് 11.30നകം രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ വി.സിമാര്‍ക്ക് നല്‍കിയ അന്ത്യശാസനം. വൈസ് ചാന്‍സലര്‍മാര്‍ ആരും രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

രാജിവയ്ക്കാനാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ച സര്‍വകലാശാല വി.സിമാര്‍ അതിന് തയ്യാറായില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനും രാജ്ഭവന്‍ ഉദ്ദേശിക്കുന്നു.

അതേസമയം, വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്ന് 6 വിസിമാര്‍ രാജ്ഭവനെ അറിയിച്ചു. അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി ഇന്ന് വൈകിട്ട് സപെഷ്യല്‍ സിറ്റിംഗ് നടത്തും. ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണ്. എന്നാല്‍ വിഷയം ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ഇന്ന് വൈകിട്ട് വിസി മാരുടെ ഹര്‍ജി പരിഗണിക്കും.

സര്‍വകലാശാലാ വി സിമാരോട് രാജി ആവശ്യപ്പെടുന്നതിനുള്ള ഗവര്‍ണറുടെ നീക്കം നേരത്തെ തുടങ്ങിയിരുന്നു. സുപ്രീം കോടതി വിധിക്കു മുമ്പു തന്നെ രാജ്ഭവന്‍ വി.സിമാര്‍ക്കെതിരായ നീക്കം ആരംഭിച്ചിരുന്നു. രാജി ആവശ്യപ്പെട്ട വി.സിമാര്‍ക്ക് പകരം ചുമതല നല്‍കാനുള്ളവരുടെ പട്ടിക നേരത്തെത്തന്നെ തയാറാക്കിയിരുന്നു. ഇതിനായാണ് സര്‍വകലാശാലകളില്‍ നിന്ന് പ്രൊഫസര്‍മാരുടെ പട്ടിക വാങ്ങിയത്. പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പത്ത് പ്രൊഫസര്‍മാരുടെ പട്ടികയാണ് വാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.