ഓസ്‌ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയിൽ ആദിവാസി സമൂഹത്തിന്റെ അഭിലാഷമായ ഭീമൻ കുരിശുരൂപം സ്ഥാപിതമായി; മേഖലയിൽ വിനോദസഞ്ചാര സാദ്ധ്യതകൾ ഏറെ

ഓസ്‌ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയിൽ ആദിവാസി സമൂഹത്തിന്റെ അഭിലാഷമായ ഭീമൻ കുരിശുരൂപം സ്ഥാപിതമായി; മേഖലയിൽ വിനോദസഞ്ചാര സാദ്ധ്യതകൾ ഏറെ

ആലീസ് സ്പ്രിംഗ്സ്: ഒരു ദശാബ്ദത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഓസ്‌ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയിൽ ഉൾപ്പെടുന്ന ആലീസ് സ്പ്രിംഗ്സിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന ഹാസ്റ്റ്സ് ബ്ലഫ് (ഇകുന്ത്ജി) നിവാസികളുടെ ജീവിതാഭിലാഷമായ ഭീമൻ കുരിശുരൂപം സ്ഥാപിതമായി. മെമ്മറി പർവതത്തിൽ സ്ഥാപിതമായ 20 മീറ്റർ ഉയരമുള്ള സ്റ്റീലിൽ തീർത്ത കുരിശുരൂപത്തിന് ദശലക്ഷക്കണക്കിന് ഡോളർ ആണ് ചിലവ്.

നോർത്തേൺ ടെറിട്ടറിയിലെ മൂന്നാമത്തെ വലിയ പട്ടണമായ ആലീസ് സ്പ്രിംഗ്സിന് പടിഞ്ഞാറ് 230 കിലോമീറ്റർ അകലെയാണ് ഹാസ്റ്റ്സ് ബ്ലഫ് സ്ഥിതിചെയ്യുന്നത്. 2009 ലാണ് ഇവിടെ ജീവിക്കുന്ന ആദിവാസി സമൂഹം ഇത്തരം ഒരു കുരിശ് സ്മാരകം വേണ്ടമെന്ന് നിർദ്ദേശിച്ചത്. പിന്നീട് തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് പ്രശസ്ത ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫർ കെൻ ഡങ്കനെ കമ്മ്യൂണിറ്റി അംഗങ്ങൾ സമീപിച്ചു. തുടക്കത്തിൽ ഡങ്കൻ ആവശ്യം നിരസിച്ചെങ്കിലും പിന്നീട് അദ്ദേഹം ഈ പദ്ധതിക്ക് നേതൃത്വം നല്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.


കെൻ ഡങ്കൻ

കുരിശ് നിർമ്മിക്കാൻ ആവശ്യമായ ധനസഹായത്തിന് കെൻ നിരവധി ആളുകളിൽ നിന്നാണ് ദശലക്ഷക്കണക്കിന് ഡോളർ സമാഹരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളും കോവിഡ് മഹാമാരിയും പദ്ധതിക്ക് അംഗീകാരം കിട്ടാനുള്ള കാലതാമസവും മൂലമാണ് സ്മാരകം നിർമ്മിക്കാൻ ഇത്രയും വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

കുരിശിന് ഫണ്ട് നൽകാൻ നോർത്തേൺ ടെറിട്ടറി സർക്കാരിനെയും ടൂറിസം ഓസ്‌ട്രേലിയയെയും ഡങ്കൻ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് വലിയ തുകകൾ സംഭാവനകൾ നൽകിയ ആളുകൾക്ക് നടനും ദി പാഷൻ ഓഫ് ദ ക്രൈസ്റ്റിന്റെ സംവിധായകനുമായ മെൽ ഗിബ്‌സനിൽ നിന്ന് ഒപ്പിട്ട സ്മരണികകൾ സമ്മാനിച്ചതായും അദ്ദേഹം വിശദീകരിച്ചു.

സ്മാരകം വന്നതോടെ ഇത് ഒരു ആത്മീയ സമ്മേളങ്ങൾക്കുള്ള സ്ഥലമായി വർത്തിക്കുമെന്നും പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും നാട്ടുകാർ പറയുന്നു. ഒരു രാത്രി പർവതത്തിന്റെ അടിവാരത്ത് നടന്ന ഈസ്റ്റർ ആഘോഷത്തിനിടെ തന്റെ അമ്മാവനായ നെബോ ജുഗഡായിക്ക് കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ആദ്യമായി മുന്നോട്ട് വെച്ചതെന്ന് പ്രാദേശിക മൂപ്പൻ ഡഗ്ലസ് മുൾട്ട പറഞ്ഞു.

ഹാസ്റ്റ്സ് ബ്ലഫിനും ചുറ്റുമുള്ള കമ്മ്യൂണിറ്റികൾക്കും ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള സ്ഥലമാണിത്. നിർമ്മാണം പൂർത്തിയായപ്പോൾ താൻ ഏറെ വികാരാധീതനായെന്നും മുൾട്ട പറഞ്ഞു. ഇതുപോലെ ഒരു സ്മാരകം നമ്മുടെ രാജ്യത്ത് ഉണ്ടായതിൽ എനിക്കും എന്റെ ജനങ്ങൾക്കും വളരെയധികം അഭിമാനമുണ്ടെന്നും മുൾട്ട കൂട്ടിച്ചേർത്തു.

വിനോദസഞ്ചാരത്തിലൂടെ സമൂഹത്തിന് സമൃദ്ധമായ ഭാവി സൃഷ്ടിക്കാൻ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ആലീസ് സ്പ്രിംഗ്സിൽ നിന്നും ലീ റോബിൻസൺ വഴി പടിഞ്ഞാറ് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ മെമ്മറി പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഭീമൻ കുരിശുരൂപത്തിന്റെ അടുത്തെത്താൻ കഴിയും.

ഈ വർഷാവസാനത്തോടെ സ്മാരകത്തിന്റെ അവസാനഭാഗം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെൻ ഡങ്കൻ പറഞ്ഞു. കുരിശ് പ്രകാശിപ്പിക്കുന്നതിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും. പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുമ്പ് മലമുകളിലേക്കുള്ള പാതയുടെ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും ഡങ്കൻ പറഞ്ഞു.

പദ്ധതിയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനായി മെമ്മറി മൗണ്ടൻ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചതായി ഡങ്കൻ പറഞ്ഞു. ചുറ്റുമുള്ള കമ്മ്യൂണിറ്റികളിൽ താമസിക്കുന്ന തദ്ദേശീയരും ഡങ്കനും ഭാര്യ പാമും ചേർന്നാണ് ബോർഡ് രൂപീകരിച്ചത്.

മലയുടെ അടിത്തട്ടിൽ ഒരു ഇൻഫർമേഷൻ ഷെൽട്ടർ, ടോയ്‌ലറ്റുകൾ, ക്യാമ്പിംഗ് സൗകര്യങ്ങൾ എന്നിവ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി സാധ്യമായാൽ ഈ സ്ഥലം ഒരു ചെറിയ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.