കോയമ്പത്തൂര്‍ സ്‌ഫോടനം: ലക്ഷ്യം വര്‍ഗീയ കലാപം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

കോയമ്പത്തൂര്‍ സ്‌ഫോടനം: ലക്ഷ്യം വര്‍ഗീയ കലാപം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

ചെന്നൈ: കോയമ്പത്തൂര്‍ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. കോയമ്പത്തൂര്‍ കമ്മീഷണര്‍ വി. ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. വര്‍ഗീയ കലാപമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 20 ഓളം പേരെ ചോദ്യം ചെയ്തു. പരിശോധനകളും ചോദ്യം ചെയ്യലുകളും തുടരുകയാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നിലവില്‍ അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. കേരളം സന്ദര്‍ശിക്കാനിടയായ സാഹചര്യം എന്താണെന്ന് അന്വേഷിച്ച് വരികയാണ്. 2019ല്‍ എന്‍ഐഎ ചോദ്യം ചെയ്തവരുള്‍പ്പെടെ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ അല്‍ഉമ നേതാവ് ബാഷയുടെ ബന്ധുവാണ്. ബാഷയുടെ സഹോദരന്‍ നവാബ് ഖാന്റെ മകനാണ് അറസ്റ്റിലായ മുഹമ്മദ് ധല്‍ഹ. ഇയാളെ കൂടാതെ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് നവാസ് ഇസ്മയില്‍ എന്നിവരാണ് പിടിയിലായത്.

പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം, ചാര്‍ക്കോള്‍, അലുമിനിയം പൗഡര്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി കമ്മീഷണര്‍ അറിയിച്ചു.
സ്ഫോടനം നടന്ന സാഹചര്യത്തിലും പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിക്കുന്നതിനാലും കോയമ്പത്തൂര്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. ദ്രുതകര്‍മ്മ സേനയെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

കൂടാതെ പൊതുസ്ഥലങ്ങളില്‍ ആര്‍എഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണങ്ങളും പരിശോധനകളും ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.