'ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതി നിഷേധം': ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

'ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതി നിഷേധം': ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമ പദ്ധതികള്‍ നിര്‍ദേശിച്ചിരിക്കുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാത്ത സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധം അവസാനിപ്പിക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

സര്‍ക്കാരില്‍ സമര്‍പ്പിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടുന്നതിനോ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോ രണ്ടര വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു ശ്രമവും നടത്താത്തതില്‍ ദുരൂഹതയുണ്ട്. പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ മാത്രമുള്ള രാഷ്ട്രീയ തന്ത്രമായിട്ട് തുടര്‍ നടപടികളില്ലാത്ത ഇത്തരം പഠന കമ്മീഷനുകളെ നിയമിക്കുന്നത് പ്രഹസനമാണ്.

2021 ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ ജെ.ബി കോശി കമ്മീഷനെ നിയമിച്ചത്. വോട്ട് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ക്രൈസ്തവരെ പ്രീണിപ്പിക്കുക എന്നത് മാത്രമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ പിന്നിലെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇക്കുറിയും ഇത്തരം പുതിയ തിരഞ്ഞെടുപ്പ് അടവുകളുമായി ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ കടന്നുവരാനുളള സാധ്യതകളും ക്രൈസ്തവര്‍ തിരിച്ചറിയണം. ജെ.ബി കോശി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമപരമായി ആവശ്യപ്പെട്ടിട്ടും ലഭ്യമാക്കാതെ നിഷേധ നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്.

കേരളത്തിലെ മൂന്ന് മുന്നണികളും ഇക്കാര്യത്തില്‍ നിലപാട് പരസ്യമായി പ്രഖ്യാപിക്കണം. ക്രൈസ്തവരെ ആരും രാഷ്ട്രീയ സ്ഥിര നിക്ഷേപമായി കാണേണ്ടതില്ല. തിരഞ്ഞെടുപ്പുകളില്‍ വിഷയാധിഷ്ടിത നിലപാടുകളെടുക്കാന്‍ വിശ്വാസി സമൂഹത്തിനാകും.

സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപവും ക്ഷേമ പദ്ധതി നിര്‍ദേശങ്ങളുടെ വിശദാംശങ്ങളും ഉടന്‍ പുറത്തുവിടണം. തുടര്‍ നടപടികളും വിവിധ ക്ഷേമ പദ്ധതികളും സമയ ബന്ധിതമായി പ്രഖ്യാപിക്കാനും നടപ്പിലാക്കാനും സര്‍ക്കാരിന്റെ വിവിധ ന്യൂനപക്ഷ സമിതികളില്‍ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവര്‍ക്ക് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ആത്മാര്‍ത്ഥ സമീപനം അടിയന്തരമായി സ്വീകരിക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.