തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തടഞ്ഞു. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ കേസിലാണ് കോടതിയുടെ നിര്‍ദേശം.
എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വാദം നാളെ നടക്കും. അഭിഭാഷകന്റെ ഓഫീസില്‍ വച്ച് എല്‍ദോസ് മര്‍ദ്ദിച്ചെന്ന മജിസ്‌ട്രേട്ട് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.
കേസില്‍ പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് ജില്ലാ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമായിരുന്നു മൊഴി. എല്‍ദോസിനെ മാത്രം പ്രതിയാക്കിയാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നാണ് പൊലീസിന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.