ഗോദാവരിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി

ഗോദാവരിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി

തെലുങ്കാന: ഗോദാവരി നദിയില്‍ കാണാതായ കപ്പൂച്ചിന്‍ സന്യാസി സഭയിലെ ഫാദര്‍ ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട സ്ഥലത്തു നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെ കൊല്ലൂരില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം ഒക്ടോബര്‍ 30 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയം കപ്പൂച്ചിന്‍ വിദ്യാഭവന്‍ ചാപ്പലില്‍ നടത്തും.

തെലുങ്കാന സര്‍ക്കാരിന്റെയും അദിലാബാദ് മെത്രാന്‍ മാര്‍ ആന്റണി പനങ്ങാടെന്റെയും നേതൃത്വത്തില്‍ പൊലീസ് സേന ദിവസങ്ങളായി ശക്തമായ അന്വേഷണം തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വിദഗ്ധ മത്സ്യത്തൊഴിലാളികളുടെ സംഘം തിരച്ചില്‍ നടത്തിയിരുന്നു എങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്നലെ മുതല്‍ നാല് മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകള്‍ കൂടി തിരച്ചിലിന് എത്തിയിരുന്നു. കൂടാതെ തിരച്ചില്‍ സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചുള്ള തിരച്ചിലിനും തീരുമാനിച്ചിരുന്നു. ജല ഉപരിതല കോമ്പിംഗ് പ്രവര്‍ത്തനവും നടത്തിയിരുന്നു.

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന് പുറമെ അദിലാബാദ് രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം വൈദികര്‍ ചെന്നൂരിലും സിറോഞ്ചയിലും മറ്റും ക്യാമ്പ് ചെയ്ത് നേരിട്ട് തിരച്ചിലില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഫാദര്ഡ ടോണി പുല്ലാടന്‍, ബ്രദര്‍ ബിജോ പലമ്പുറയ്ക്കല്‍ എന്നിവരെ ഗോദാവരിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇതില്‍ ബ്രദര്‍ ബിജോയുടെ മൃതദേഹം തിങ്കളാഴ്ച ലഭിച്ചിരുന്നു.

അതേസമയം ബ്രദര്‍ ബിജോ പലമ്പുറയ്ക്കലിന്റെ മൃതദേഹം ഇന്നലെ തന്നെ കോട്ടയത്തേക്ക് കൊണ്ടുവന്നിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോട്ടയം തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവന്‍ ചാപ്പലില്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.