കേരളക്കരയിലെ ചില പരമ്പരാഗത മാലകളെ പരിചയപ്പെട്ടാലോ?

കേരളക്കരയിലെ ചില പരമ്പരാഗത മാലകളെ പരിചയപ്പെട്ടാലോ?

കേരളപ്പിറവി ദിനം വരികയാണ്. കോളജ് വിദ്യാര്‍ത്ഥിനികള്‍ മുതല്‍ ഏത് പ്രായക്കാരും മലയാളി മങ്ക ആയി അണിഞ്ഞൊരുങ്ങുന്ന ദിനം കൂടിയാണത്. അതുകൊണ്ട് തന്നെ ചില മാല വിശേഷങ്ങള്‍ അറിയാം. അന്നും അന്നും എന്നും ആഭരണങ്ങളോട് എല്ലാവര്‍ക്കും ഒരു പ്രത്യേക ഇഷ്ടമാണ്. വള, മാല, കമ്മല്‍, മോതിരം, മൂക്കുത്തി, പാദസ്വരം തുടങ്ങി മനുഷ്യന്‍ അണിയുന്ന ആഭരണങ്ങള്‍ക്ക് കണക്കില്ല.

നമ്മള്‍ മലയാളികള്‍ക്ക് ആകര്‍ഷകമായ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ സ്വന്തമായിട്ടുണ്ട്. ആഭരണങ്ങളില്‍ മാലയോടാണ് പലര്‍ക്കും പ്രിയം. കേരളീയര്‍ക്ക് മാത്രം സ്വന്തമായ ചില പരമ്പരാഗത മാലകളെ പരിചയപ്പെട്ടാലോ?

പാലയ്ക്കമാല

പാലയുടെ കായയുടെ ആകൃതിയോടു കൂടിയതും നടുക്ക് തൂങ്ങുന്ന പെന്‍ഡന്റും ചേര്‍ന്നതാണ് പാലയ്ക്കമാല. ഏത് പ്രായത്തിലുള്ളവര്‍ക്കും ചേരുന്നതും മലയാളിത്തം തുളുമ്പുന്ന ഏത് വസ്ത്രത്തിനും യോജിച്ചതും ആണ് പാലയ്ക്കമാല. പലയിടത്തും ഇത് തലമുറകളായി കൈമാറ്റം ചെയ്ത് വരാറുണ്ട്.

പവിത്രക്കെട്ട് മാല

രണ്ട് ഇഴകളും നടുക്ക് വലിയ പവിത്രക്കെട്ടും നടുവില്‍ ഞാത്തും ചേര്‍ന്നതാണ് പവിത്രക്കെട്ട് മാല.

കസവുമാല

കസവിന്റെ നെയ്ത്തു പോലെ അരയിഞ്ച് വീതിയില്‍ നാല് ഇഴകളായി കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന ആഭരണമാണ് കസവുമാല. വളരെ ചെറിയ മുത്തുകള്‍ കോര്‍ത്ത കസവുമാലകളും പ്ലെയിന്‍ കസവുമാലകളും കേരളക്കരയ്ക്ക് സ്വന്തമാണ്.

കയറുപിരിമാല

കയറുപോലെ കഴുത്തില്‍ ചുറ്റിപിരിഞ്ഞു കിടക്കുന്ന ഡിസൈനായതിനാലാണ് ഇതിന് ഈ പേരു വന്നത്. താലിമാലയായും പലരും കയറുപിരിമാല ഉപയോഗിക്കാറുണ്ട്.

കരിമണിമാല

വടക്കേ ഇന്ത്യയിലെ സ്ത്രീകള്‍ അണിയുന്ന മംഗല്യ സൂത്രത്തിനോട് ഏറെ സമാനതകള്‍ ഉള്ള മാലയാണ് കരിമണിമാല. വിവാഹിതകളായ സ്ത്രീകളാണ് പൊതുവില്‍ കരിമണി മാല അണിയുന്നത്.

ഇളക്കത്താലി

ഓരോ ചെറിയ അനക്കത്തിലും ഇളകിത്തുള്ളുവാന്‍ പാകത്തിന് കനം തീരെ കുറഞ്ഞും അനക്കം കിട്ടാന്‍ പാകത്തിനും താലികള്‍ മൂന്ന് നിരയായി നിരത്തി പിടിപ്പിച്ചതാണ് ഇളക്കത്താലി.

മാങ്ങാ മാല

മാങ്ങയുടെ ആകൃതിയിലുള്ളതാണ് ഈ മാല. ഇതളുകളുടെ അകം പൊള്ളയായും അല്ലാതേയുമുള്ള മാങ്ങകളുടെ മാതൃകയില്‍ ഇത്തരം മാലകള്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.