പ്രശ്‌ന പരിഹാരത്തിന് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് വില്‍ക്കാന്‍ കരാറെഴുതി രാജസ്ഥാനിലെ ജാതി പഞ്ചായത്ത്; അന്വേഷണം തുടങ്ങി

പ്രശ്‌ന പരിഹാരത്തിന് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് വില്‍ക്കാന്‍ കരാറെഴുതി രാജസ്ഥാനിലെ ജാതി പഞ്ചായത്ത്; അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: വായ്പയുടെ തിരിച്ചടവ് അടക്കമുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു. രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം. ജാതി പഞ്ചായത്ത് ഇതിനായി മുദ്രക്കടലാസില്‍ വില്‍പനക്കരാര്‍ തയാറാക്കുന്നതായും ആരോപണം.

ഇതേപ്പറ്റി അന്വേഷിക്കാന്‍ ഒരു സംഘത്തെ ഭില്‍വാരയിലേക്ക് അയച്ചിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷമായി ഇത് ആവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും രേഖ ശര്‍മ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിന് രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയെയും ഭില്‍വാര പൊലീസ് സൂപ്രണ്ടിനെയും സന്ദര്‍ശിക്കുന്നുണ്ട്. കൂടാതെ വിഷയം അന്വേഷിക്കാന്‍ കമ്മീഷന്‍ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രാമത്തില്‍ പല പ്രശ്‌നങ്ങളുടെയും പരിഹാരമായി പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് വില്‍ക്കാന്‍ ജാതി പഞ്ചായത്ത് കരാറെഴുതുകയാണ്. അതിന് സമ്മതിക്കാത്തവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യാനാണ് പഞ്ചായത്ത് നിര്‍ദേശം നല്‍കുന്നതെന്ന് വിവരം ലഭിച്ചതായും കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനോടും ചീഫ് സെക്രട്ടറിയോടും ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.

സംസ്ഥാന വനിതാ കമ്മീഷനും നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും രാജസ്ഥാന്‍ സര്‍ക്കാറിന് വിഷയത്തില്‍ നോട്ടീസ് അയച്ചു. എന്നാല്‍ സംഭവം രാജസ്ഥാന്‍ മന്ത്രി പ്രതാപ് ഖചരിയവാസ് നിഷേധിച്ചു.

'ഇത് അന്വേഷിക്കേണ്ട വിഷയമാണ്. ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ അന്വേഷണം നടക്കാതെ നമുക്ക് സത്യം അറിയാനാകില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആദ്യം ഇത് സംബന്ധിച്ച് പൊലീസിനോട് സംസാരിക്കണം. പെണ്‍കുട്ടികളെ വില്‍ക്കുന്ന സംഭവം സംസ്ഥാനത്ത് നടക്കില്ല'-മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.