അതിര്‍ത്തിയില്‍ ഹെലിപാഡ് ഉള്‍പ്പെടെ 75 പദ്ധതികള്‍ പൂര്‍ത്തിയാക്കി ഇന്ത്യ; നിര്‍ണായക നീക്കം ചൈന-പാക് ഭീഷണി നിലനില്‍ക്കെ

അതിര്‍ത്തിയില്‍ ഹെലിപാഡ് ഉള്‍പ്പെടെ 75 പദ്ധതികള്‍ പൂര്‍ത്തിയാക്കി ഇന്ത്യ; നിര്‍ണായക നീക്കം ചൈന-പാക് ഭീഷണി നിലനില്‍ക്കെ

ശ്രീനഗര്‍: ശത്രുരാജ്യങ്ങളെ നേരിടാന്‍ രാജ്യാതിര്‍ത്തികളില്‍ ഹെലിപാഡ് ഉള്‍പ്പെടെ 75 പദ്ധതികള്‍ പൂര്‍ത്തിയാക്കി ഇന്ത്യ. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. അതിര്‍ത്തി മേഖലകളില്‍ ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് രാജ്യത്തിന്റെ നിര്‍ണായക നീക്കം.

പാലങ്ങള്‍, റോഡുകള്‍, ഹെലിപാഡുകള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് സൈനിക ആയുധ വിന്യാസം കൂടുതല്‍ എളുപ്പമാകും. 44 പാലങ്ങള്‍, 28 റോഡുകള്‍, രണ്ട് ഹെലിപാഡുകള്‍ എന്നിവയുടെ നിര്‍മ്മാണമാണ് പുതുതായി പൂര്‍ത്തീകരിച്ചത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.

പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായി ഏകദേശം 2,180 രൂപ ചിലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷ ബാധിത മേഖലകളില്‍ ഉള്‍പ്പെടെയാണ് വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

44 പാലങ്ങളില്‍ 12 എണ്ണം നിര്‍മ്മിച്ചിരിക്കുന്നത് ജമ്മു കശ്മീരിലാണ്. ലഡാക്കില്‍ ഏഴ് പാലങ്ങളും ഹിമാചല്‍ പ്രദേശില്‍ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. ഉത്തരാഖണ്ഡ് ആറ്, സിക്കിം രണ്ട്, അരുണാചല്‍ പ്രദേശ് 13 എന്നിങ്ങനെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പാലങ്ങളുടെ എണ്ണം.

അടുത്തിടെ അതിര്‍ത്തി മേഖലകളില്‍ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനുള്ള ശക്തമായ മറുപടിയാണ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിലൂടെ ഇന്ത്യ നല്‍കിയത്. അതിര്‍ത്തിയില്‍ അടുത്ത വര്‍ഷത്തോടെ 272 റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.