കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഐ.എസ് ബന്ധം സ്ഥിരീകരിച്ചു; പ്രതികളിലൊരാള്‍ വിയ്യൂര്‍ ജയിലിലെത്തി ഐ.എസ് തടവുകാരനെ കണ്ടു

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഐ.എസ് ബന്ധം സ്ഥിരീകരിച്ചു; പ്രതികളിലൊരാള്‍ വിയ്യൂര്‍ ജയിലിലെത്തി ഐ.എസ് തടവുകാരനെ  കണ്ടു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസില്‍ അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്) ബന്ധം സ്ഥിരീകരിച്ചു. ഐ.എസ് കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരനെ സ്‌ഫോടന കേസ് പ്രതികളില്‍ ഒരാള്‍ സന്ദര്‍ശിച്ചതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.

കേസിലെ പ്രതികളില്‍ ഒരാളായ ഫിറോസ് ഇസ്മയില്‍ അതീവ സുരക്ഷാ ജയിലില്‍ എത്തി ഐ.എസ് ബന്ധമുള്ള മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കണ്ടത്. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കുള്ള ആളാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തില്‍ 250 പേരാണ് കൊല്ലപ്പെട്ടത്. ഐ.എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2020 ല്‍ യു.എ.ഇ ഫിറോസിനെ നാടു കടത്തിയിരുന്നു.

75 കിലോ സ്‌ഫോടക വസ്തുക്കളും തീവ്രവാദ ലഘു ലേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ എഫ്.ഐ.ആറില്‍ പറയുന്നു. കൊല്ലപ്പെട്ട ജമിഷ മുബീനെ മാത്രമാണ് ഇപ്പോള്‍ പ്രതിയായി ചേര്‍ത്തിട്ടുള്ളത്.

അതിനിടെ കേസിന്റെ അന്വേഷണം തമിഴ്നാട്ടിലെ ഏര്‍വാടിയിലേക്കും എത്തി. 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയ്ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ മന്‍പായിയുടെ വീട്ടില്‍ പരിശോധന നടത്തിയ തമിഴ്നാട് പൊലീസ് അയാളെ ചോദ്യം ചെയ്തു.

തിരുനെല്‍വേലി മേലാപാളയം സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഹുസൈന്‍ മുമ്പ് കുറേക്കാലം കോയമ്പത്തൂരില്‍ ഒരു മോസ്‌കിലും ജോലി നോക്കിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒരു ട്രാവല്‍ ഏജന്‍സിയും കാറ്ററിംഗ് യൂണിറ്റും നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതും ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമിഷ മുബീന്റെ ബന്ധു കൂടിയായ അഫ്സര്‍ ഖാന്‍ എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കോയമ്പത്തൂരിലെ കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് മുമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കാര്‍ സ്ഫോടനം ഉണ്ടായത്. മുഖ്യ ആസൂത്രകനായ ജമിഷ മുബീന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.