ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ തെലങ്കാനയിലെ ഭദ്രാചലത്തില്‍ ഗോത്രവര്‍ഗ നര്‍ത്തകിമാര്‍ക്കൊപ്പം നൃത്തം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
യാത്രയുടെ സ്വീകരണത്തിന്റെ ഭാഗമായി ഒരുക്കിയ ഗോത്ര കലാകാരികളുടെയും കലാകാരന്മാരുടെയും നൃത്തത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധിയും ചുവടു വച്ചത്. നടന്നു പോകവെ ഗോത്രവര്‍ഗ നര്‍ത്തകരെ കണ്ട രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം ചേരുകയായിരുന്നു.
പരമ്പരാഗത വസ്ത്രമണിഞ്ഞില്ലെങ്കിലും രാഹുലിന്റെ തലയില്‍ കലാകാരന്മാരില്‍ ഒരാള്‍ കൊമ്പ് ഘടിപ്പിച്ച കിരീടം വച്ചു കൊടുത്തു. തുടര്‍ന്ന് ഇവരുടെ കൈയില്‍ പിടിച്ച് പരമ്പരാഗത ഗോത്ര നൃത്തച്ചുവടുകള്‍ വയ്ക്കുകയായിരുന്നു രാഹുല്‍. ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
'നമ്മുടെ കാലാതീതമായ സംസ്‌കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും കലവറകളാണ് ഗോത്രവര്‍ഗക്കാര്‍. കൊമ്മു-കോയ ആദിവാസി നര്‍ത്തകികള്‍ക്കൊപ്പം താനും ചുവടുവച്ചു. അവരുടെ കല അവരുടെ മൂല്യങ്ങളാണ് പ്രകടിപ്പിക്കുന്നത്. അതില്‍ നിന്ന് നാം പാഠമുള്‍ക്കൊള്ളുകയും അവയെ സംരക്ഷിക്കുകയും വേണം'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സെപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അടുത്ത വര്‍ഷം കശ്മീരില്‍ അവസാനിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവ് കാല്‍ നടയായി നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ജാഥയാണിതെന്ന് കോണ്‍ഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു.
യാത്ര തമിഴ്‌നാടിനു പിന്നാലെ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് തെലങ്കാനയിലെത്തിയത്. യാത്രയുടെ അടുത്ത ഘട്ടം മഹാരാഷ്ട്രയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.