ഹാലോവിന്‍ ആഘോഷങ്ങള്‍ക്കിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 151 ആയി ഉയര്‍ന്നു

ഹാലോവിന്‍ ആഘോഷങ്ങള്‍ക്കിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 151 ആയി ഉയര്‍ന്നു

സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവിന്‍ ആഘോഷങ്ങള്‍ക്കിടയിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നൂറിലധികം പേര്‍ക്ക് സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ തന്നെ 19 പേരുടെ ആരോഗ്യനില അതീവ ഗുരുതരനിലയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അഗ്‌നിശമനസേനാ വിഭാഗം അറിയിച്ചു.

സോളില്‍ ഇന്നലെ (ഒക്ടോബര്‍ 29) രാത്രി പത്തരയോടെയായിരുന്നു സംഭവം. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ കൂടുതലും സ്ത്രീകളാണ്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി പലവിധത്തിലുള്ള വേഷവിധാനങ്ങളണിഞ്ഞ് ഒരു ലക്ഷത്തിലധികം പേരാണ് നഗരത്തില്‍ എത്തിയത്.

പരിക്കേറ്റവരില്‍ ചിലര്‍ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സോളിലെ ഇറ്റാവോണ്‍ നഗരത്തിലാണ് ദുരന്തം ഉണ്ടായത്. പലര്‍ക്കും ശ്വാസ തടസവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിലെ ഹാമില്‍ട്ടന്‍ ഹോട്ടലിനു സമീപമുള്ള നാലു മീറ്റര്‍ മാത്രമുള്ള ഇടുങ്ങിയ വഴിയിലാണ് അപകടം ഉണ്ടായത്. അപകടകരമായി ജനക്കൂട്ടം മുന്നോട്ടു നീങ്ങിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ ചവിട്ടിയരയ്ക്കപ്പെടുകയായിരുന്നു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും. തിരക്കിനിടയില്‍ അപകടത്തില്‍പ്പെട്ടവരുടെ അടുത്തെത്താന്‍ ആംബുലന്‍സുകള്‍ക്കും പ്രയാസകരമായിരുന്നു.

ആഘോഷങ്ങള്‍ക്കിടയില്‍ ഒരു സെലിബ്രിറ്റി എത്തിയതാണ് അപകടത്തിന് കാരണമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ വ്യക്തിയെ കാണാന്‍ തിരക്കുകൂട്ടിയതാണ് അപകടകാരണമെന്ന് പ്രാദേശിക കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അടിയന്തര യോഗം വിളിച്ചു. പ്രസിഡന്റ് സംഭവസ്ഥലം സന്ദര്‍ശിച്ചു. കോവിഡ് രോഗബാധയ്ക്ക് ശേഷമുള്ള ആദ്യത്തെ ആഘോഷമായതിനാലാണ് ആളുകള്‍ തടിച്ച് കൂടിയതെന്നും സൂചനയുണ്ട്. ഇടുങ്ങിയ തെരുവില്‍ ഒരു വലിയ ജനക്കൂട്ടം തിങ്ങി നിന്നതിന്റെ പിന്നാലെയാണ് ദുരന്തം ഉണ്ടായത്.

അപകടത്തിന്റെ കൃത്യമായ കാരണം അധികൃതര്‍ അന്വേഷിച്ച് വരികയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ശ്രമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.