മമത ബാനര്‍ജി നാളെ ചെന്നൈയില്‍; എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയേക്കും

മമത ബാനര്‍ജി നാളെ ചെന്നൈയില്‍; എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയേക്കും

കൊല്‍ക്കത്ത: ചെന്നൈ സന്ദര്‍ശനത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാളെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയേക്കും. തമിഴ്നാട് സ്വദേശിയായ ബംഗാള്‍ ഗവര്‍ണര്‍ ല ഗണേശന്റെ കുടുംബ ചടങ്ങില്‍ പങ്കെടുക്കാനായി നാളെ ചെന്നൈയിലെത്തവെയാണ് കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യം സംബന്ധിച്ച് ചര്‍ച്ച ഉണ്ടാകും.

2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തിന് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചകളുണ്ടാകും. മുന്‍പും തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിരുന്നാലും കൂടിക്കാഴ്ചയെ ചൊല്ലി വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പൊരുതണമെന്ന് മമത ബാനര്‍ജി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. 2024 ഓടെ രാജ്യത്തെ മുഴുവന്‍ പ്രാദേശിക സഖ്യങ്ങളും ഒന്നിച്ച് പോരാടാനും ബിജെപിയെ പരാജയപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു എന്ന് മമത പറഞ്ഞിരുന്നു. എന്നാല്‍ മമതയും സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വാര്‍ത്ത പുറത്ത് വന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ രംഗത്തെത്തി.

തൃണമൂല്‍ കോണ്‍ഗ്രസ്, മുഖ്യമന്ത്രി സ്റ്റാലിനെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ എത്തിച്ച് മുമ്പ് മഹാസഖ്യം രൂപീകരിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ആ മഹാസഖ്യം ഇപ്പോള്‍ നിലവിലില്ലെന്നും മജുംദാര്‍ പറഞ്ഞു. അതേസമയം മജുംദാറിന്റെ പരാമര്‍ശങ്ങളോട് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് തപസ് റോയ് ശക്തമായി പ്രതികരിച്ചു. രണ്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് ബിജെപിയെ ഭയപ്പെടുത്തുകയാണെന്നും അതാണ് ഇത്തരം വിമര്‍ശനങ്ങളുമായി രംഗത്തിറങ്ങുന്നതെന്നും തപസ് റോയ് തുറന്നടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.