പൊളിച്ചശേഷം കെ.എസ്.ഇ.ബി തിരിഞ്ഞു നോക്കിയില്ല; യാത്രാ ദുരിതം മാറ്റാന്‍ നാട്ടുകാര്‍ ഒന്നു ചേര്‍ന്ന് പാലം പണിതു

പൊളിച്ചശേഷം കെ.എസ്.ഇ.ബി തിരിഞ്ഞു നോക്കിയില്ല; യാത്രാ ദുരിതം മാറ്റാന്‍ നാട്ടുകാര്‍ ഒന്നു ചേര്‍ന്ന് പാലം പണിതു

കൊക്കയാര്‍: കെ.എസ്.ഇ.ബി പൊളിച്ച പാലം നാട്ടുകാര്‍ ഏറ്റെടുത്ത് വീണ്ടും പണിതു. കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലിയിലാണ് സംഭവം. വെംബ്ലി പതിനഞ്ചുഭാഗത്തു നിന്ന് നിരവുപാറയ്ക്കു പോകുന്ന വഴിയിലെ പാലം കഴിഞ്ഞ പ്രളയത്തിലാണ് തകര്‍ന്നത്. യാത്രാ ദുരിതം നീക്കി പാലം പുതുക്കി പണിയുന്നതിന് നാട്ടുകാര്‍ പലതവണ അധികാരികളെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല.

ഒടുവില്‍ പാലം പുതുക്കിപ്പണിയാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. പാലം പണിയാന്‍ പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഇരുമ്പ് കേഡര്‍ സ്വകാര്യ വ്യക്തി നല്‍കിയിരുന്നു. ഇതുപയോഗിച്ച് പാലം പണി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കെ.എസ്.ഇ.ബി. അധികാരികളെത്തി കേഡറിന്റെ അവകാശം ഉന്നയിക്കുകയായിരുന്നു.

ഇത് താത്കാലിക പാലമാണന്നും പുതിയ പാലം വരുമ്പോള്‍ തിരികെ നല്‍കാമെന്നും നാട്ടുകാര്‍ അറിയിച്ചെങ്കിലും കെ.എസ്.ഇ.ബി. അധികാരികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒടുവില്‍ പാലം പൊളിച്ച് കേഡര്‍ ഇവര്‍ കൊണ്ടുപോയി.

തുടര്‍ന്ന് പ്രദേശവാസികള്‍ വീണ്ടും യാത്രാ ദുരിതത്തിലായി. വീണ്ടും നാട്ടുകാര്‍ ഒന്നായി പാലം പണിതു. ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന രീതിയിലാണ് പുതിയ പാലത്തിന്റെ നിര്‍മിതി.

നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം ജനകീയ കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് നിര്‍വഹിച്ചു. നൗഷാദ് വെംബ്ലി, കെ.ഇസ്മായില്‍, പീലിപ്പോസ്, പി.കെ.ഷാജി, കെ.എസ് റെജി എന്നിവര്‍ സംസാരിച്ചു. പുതിയ പാലം പണിതെങ്കിലും കെ.എസ്.ഇ.ബിയുടെ നടപടിയില്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.