സിഡ്നിയിലെ മൃഗശാലയില്‍ സിംഹങ്ങള്‍ പന്തുമായി കളിക്കുന്നു
സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സിഡ്‌നി മൃഗശാലയില്‍ അഞ്ചു സിംഹങ്ങള്‍ കൂട്ടില്‍നിന്ന് പുറത്തുചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് കുറച്ചുനേരത്തെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ സിംഹങ്ങളെ കൂട്ടിലേക്കു തിരിച്ചുകയറ്റി. ഇന്നു രാവിലെ 6.30-ന് സിഡ്നിയിലെ ടറോംഗ മൃഗശാലയിലാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്.
നാല് സിംഹക്കുഞ്ഞുങ്ങളും ഒരു മുതിര്‍ന്ന സിംഹവും താമസിക്കുന്ന മേഖലയുടെ രണ്ട് വേലികളിലൊന്ന് തകര്‍ത്താണ് പുറത്തു ചാടിയത്. നാല് കുഞ്ഞുങ്ങളും ഒരു മുതിര്‍ന്ന സിംഹവും പുറത്ത് കറങ്ങി നടക്കുന്നതായി സിസിടി ദൃശ്യങ്ങളിലും പതിഞ്ഞു. സിംഹങ്ങള്‍ രക്ഷപ്പെട്ടതായി തിരിച്ചറിഞ്ഞ അധികൃതര്‍ പത്തു മിനിറ്റിനുള്ളില്‍ ജാഗ്രതാ നിര്‍ദേശമായ 'കോഡ് വണ്‍' അലര്‍ട്ട് നല്‍കി. മൃഗശാല അടച്ചുപൂട്ടി ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ജീവനക്കാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. സമീപവാസികളെ അറിയിക്കാന്‍ അടിയന്തര അലാറവും മുഴക്കി.
മൃഗശാലയില്‍ രാത്രിയില്‍ അതിഥികള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഏകദേശം 100 മീറ്റര്‍ അടുത്ത് സിംഹങ്ങള്‍ എത്തി. അതേസമയം സിംഹങ്ങള്‍ രക്ഷപ്പെട്ട മേഖലയില്‍ ആറടി പൊക്കമുള്ള വേലിയുണ്ടായിരുന്നത് ആശ്വാസമായി. സിംഹങ്ങള്‍ മൃഗശാലയില്‍ നിന്ന് പുറത്ത് പോയില്ലെന്നു മനസിലായ അധികൃതര്‍ അവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
മൃഗഡോക്ടര്‍മാരുടെ സംഘം ഉടന്‍ മരുന്നുകള്‍ നിറച്ച തോക്കുകളുമായി രംഗത്തെത്തി. എന്നാല്‍ അതിനു മുന്‍പേ സിംഹങ്ങള്‍ ശാന്തരായി സ്വയം കൂട്ടിലേക്കു കയറിയതായും അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ ഒരു സിംഹത്തെ ശാന്തമാക്കുന്നതിനായി മരുന്ന് കുത്തിവെച്ചതായും അധികൃതര്‍ വ്യക്തമാക്കി.
സിംഹങ്ങള്‍ പുറത്ത് കടന്നതെങ്ങനെയെന്ന് വ്യക്തമായിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും ടാറോംഗ മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൈമണ്‍ ഡഫി പത്രസമ്മേളനത്തില്‍ പറഞ്ഞു. മൃഗശാല ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ സിംഹങ്ങളുടെ കൂടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഈ മേഖലയിലേക്കു മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തി.
2009-ല്‍, സിഡ്നിയിലെ മോഗോ മൃഗശാലയില്‍നിന്ന് ഒരു സിംഹം അതിന്റെ ചുറ്റുപാടില്‍ നിന്ന് രക്ഷപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചതിനെതുടര്‍ന്ന് വെടിവച്ചു കൊല്ലേണ്ടിവന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.