'തൊഴിലാളികളെ പിരിച്ചു വിടില്ലെന്നും സ്ഥലം മാറ്റില്ലെന്നും ബൈജൂസ്'; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

'തൊഴിലാളികളെ പിരിച്ചു വിടില്ലെന്നും സ്ഥലം മാറ്റില്ലെന്നും ബൈജൂസ്'; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

തിരുവനന്തപുരം: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലം മാറ്റമില്ലെന്നും വ്യക്തമാക്കി കമ്പനി. മുഖ്യമന്ത്രിയുമായി ബൈജുസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ്. നേരത്തെ മാറ്റാന്‍ തീരുമാനിച്ച 140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കി.

സ്ഥാപനത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാര്‍ക്ക് ബെംഗളൂരു ഓഫീസിലേക്ക് മാറാന്‍ നിര്‍ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം. മികച്ച പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ബൈജൂസ് വിശദീകരിച്ചു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റര്‍ തുടരുമെന്ന് അറിയിക്കുകയായിരുന്നു. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനരൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്‌നം തന്റെ ശ്രദ്ധയില്‍ വന്നതെന്ന് ബൈജു രവീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

തന്റെ വേരുകള്‍ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്‌നം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ തുടരാന്‍ തീരുമാനമായെന്നും ബൈജു പറഞ്ഞു. കേരളത്തില്‍ നിലവില്‍ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്.

സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും ബൈജൂസിന്റെ മികച്ച സാന്നിധ്യമുണ്ടാകും. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മൂന്ന് ഓഫീസുകള്‍ കൂടി കേരളത്തില്‍ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ ബൈജൂസ് വിശദീകരിച്ചിരുന്നു. സ്ഥാനത്തെ ബൈജൂസ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന മൂവായിരത്തോളം ആളുകളില്‍ 140 പേരെ ബെംഗളൂരുവിലേയ്ക്ക് സ്ഥലം മാറ്റുക മാത്രമായിരുന്നു ചെയ്തതെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.