വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകിച്ച് ഭവനരഹിതര്‍, അനാഥര്‍, യുദ്ധത്തിന്റെ ഇരകള്‍ എന്നിവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാർപ്പാപ്പയുടെ നവംബറിലെ മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗം.
ഉപേക്ഷിക്കപ്പെട്ട ഓരോ കുഞ്ഞുങ്ങളും നമ്മുടെ തെറ്റാണെന്നും മാര്‍പ്പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്ക്) പുറത്തിറക്കിയ പ്രതിമാസ പ്രാര്‍ത്ഥന നിയോഗം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നു. തിരസ്‌കരണം, അനാസ്ഥ, ദാരിദ്ര്യം, സംഘര്‍ഷം എന്നിവയാല്‍ ലോകമെമ്പാടും ദുരിദമനുഭവിക്കുന്ന കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്യുന്നു.
ദശലക്ഷക്കണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇപ്പോഴും അടിമത്തത്തിന് സമാനമായ അവസ്ഥയില്‍ ജീവിക്കുന്നു. ഈ കുട്ടികള്‍ വെറും അക്കങ്ങള്‍ അല്ല. മറിച്ച് ദൈവം പേരും വ്യക്തിത്വവും നല്‍കിയ മനുഷ്യരാണെന്നും പാപ്പ പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസമില്ലാതെ, കുടുംബമില്ലാതെ, ആരോഗ്യപരിരക്ഷയില്ലാതെ ജീവിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഓരോ കുട്ടിയും ഒരു നിലവിളിയാണ്. ആ നിലവിളി ദൈവത്തിലേക്ക് ഉയരുകയും അതില്‍ നമ്മള്‍ മുതിര്‍ന്നവര്‍ കെട്ടിപ്പടുത്ത വ്യവസ്ഥിതികള്‍ ലജ്ജിക്കുകയും ചെയ്യുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശദീകരിച്ചു.
ഓരോ കുട്ടിക്കും വിദ്യാഭ്യസമടക്കമുള്ള അടിസ്ഥാന സേവനങ്ങള്‍ ലഭിക്കാനും കുടുംബത്തിന്റെ ഊഷ്മളതയും സ്നേഹവും അനുഭവിക്കാനും അവകാശമുണ്ടെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. ആ അവകാശങ്ങള്‍ ഉള്ളതിനാല്‍ തന്നെ ദൈവം അവരെ മറക്കില്ലെന്ന് കുഞ്ഞുങ്ങള്‍ക്കറിയാം. ഒറ്റയ്‌ക്കോ ഉപേക്ഷിക്കപ്പെട്ടവരോ ആയി തോന്നാന്‍ ഇനി അവരെ അനുവദിക്കരുതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഈ മാസത്തെ പ്രാര്‍ത്ഥന നിയോഗത്തിലൂടെ പരിശുദ്ധ പിതാവ് നമ്മുടെ കണ്ണും കാതും ഹൃദയവും തുറക്കുന്നുവെന്ന് മാര്‍പ്പാപ്പയുടെ വേള്‍ഡ് വൈഡ് പ്രാര്‍ത്ഥനാ ശൃംഖലയുടെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഫാ. ഫ്രെഡറിക് ഫോര്‍നോസ് പറഞ്ഞു. കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന നിസ്സംഗതയുടെയും ബലഹീനതയുടെയും മുന്നില്‍ നാം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യൂണിസെഫിന്റെ കണക്കുകള്‍ അനുസരിച്ച് ഒരു ബില്യണ്‍ കുട്ടികള്‍ നിലവില്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, ഭക്ഷണം, ശുചിത്വം, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ ലഭ്യമാകാതെ പലവിധത്തിലുള്ള ദാരിദ്ര്യത്തില്‍ ജീവിക്കുന്നുണ്ട്. 153 ദശലക്ഷം കുട്ടികള്‍ അനാഥരാണെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മാർപാപ്പയുടെ ഈ വർഷത്തെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.