കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 100 പവന്‍ സ്വര്‍ണം പൊലീസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 100 പവന്‍ സ്വര്‍ണം പൊലീസ് പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. സംഭവത്തില്‍ ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴികോട് പയ്യോളി സ്വദേശി റസാഖ് (52) പൊലീസ് പിടിയിലായി. ശരീരത്തിനകത്ത് 800 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്നു കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

ഇന്ന് രാവിലെ എട്ടിന് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റസാഖ് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.40 ഓടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റസാഖിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു. പുറത്തെത്തിയ റസാഖ് തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൂത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില്‍ വെച്ചാണ് പിടിയിലായത്.

മലപ്പുറം ജില്ലാ പൊീസ് മേധാവി ശ്രീ.എസ് സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റസാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ റസാഖ് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് റസാഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്സറേ പരിശോധനയില്‍ റസാഖിന്റെ വയറിനകത്ത് സ്വര്‍ണ മിശ്രിതമടങ്ങിയ മൂന്നു കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.

സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു റസാഖിനെ ദുബായില്‍ നിന്നും സ്വര്‍ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. റസാഖിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.