സെപ്റ്റംബറില്‍ ഇന്ത്യയില്‍ 26.85 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് വാട്സ്ആപ്പ്

സെപ്റ്റംബറില്‍ ഇന്ത്യയില്‍ 26.85 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് വാട്സ്ആപ്പ്

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ ഇന്ത്യയില്‍ 26.85 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. 23.28 ലക്ഷം അക്കൗണ്ടുകളാണ് ഓഗസ്റ്റ് മാസത്തില്‍ വാട്സ്ആപ്പ് നിരോധിച്ചത്. ഇതിനേക്കാള്‍ 15 ശതമാനം കൂടുതലാണ് സെപ്റ്റംബറില്‍ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍.

+91ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ട് തിരിച്ചറിയുന്നതെന്ന് സെപ്റ്റംബര്‍ മാസത്തെ ഉപയോക്തൃ സുരക്ഷ റിപ്പോര്‍ട്ടില്‍ വാട്സ്ആപ്പ് പറയുന്നു. ലഭിച്ച ഉപയോക്തൃ പരാതികളും അതിന്മേല്‍ കമ്പനി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ദുരുപയോഗം തടയുന്നതിന് വാട്സ്ആപ്പിന്റെ പ്രതിരോധ നടപടികളും അടങ്ങിയതാണ് ഉപയോക്തൃ സുരക്ഷ റിപ്പോര്‍ട്ട് എന്ന് കമ്പനി പറയുന്നു.

സെപ്റ്റംബറില്‍ 666 പരാതി റിപ്പോര്‍ട്ടുകളാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. 23 റിപ്പോര്‍ട്ടുകളില്‍ കമ്പനി നടപടിയെടുത്തു. 666 പരാതി റിപ്പോര്‍ട്ടുകളില്‍ 496 എണ്ണം നിരോധന അപ്പീലുകളാണ്. ബാക്കുയുള്ളവ പിന്തുണ, സുരക്ഷ എന്നിവയുടെ കീഴില്‍ വരുന്നതാണ്.

ലഭിച്ച പരാതികളും സ്വീകരിച്ച നടപടികളും അടങ്ങുന്ന കംപ്ലയന്‍സ് റിപ്പോര്‍ട്ട് എല്ലാ മാസവും പ്രസിദ്ധീകരിക്കാന്‍ 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വന്ന കര്‍ശനമായ ഐടി നിയമങ്ങള്‍ നിര്‍ദേശിച്ചിരുന്നു.

അനിയന്ത്രിതമായ കണ്ടന്റ് മോഡറേഷന്‍, നിഷ്‌ക്രിയത്വം, നീക്കം ചെയ്യല്‍ തീരുമാനങ്ങള്‍ എന്നിവയ്ക്കെതിരെ പരാതി അപ്പീല്‍ സംവിധാനം രൂപീകരിക്കുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.