2022 നവംബര്‍ 8 ന് സമ്പൂർണ്ണ ചന്ദ്രഗ്രഹണം

2022 നവംബര്‍ 8 ന് സമ്പൂർണ്ണ ചന്ദ്രഗ്രഹണം

2022 നവംബര്‍ 8ന് ഈ വർഷത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുകയാണ്. വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്. കേരളത്തിൽ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് 6 മണിയോടെയാണ്. അതിനാൽ കേരളത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല, എന്നാൽ അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാനാകും.സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലത്ത് നിന്നുകൊണ്ട് നിരീക്ഷിച്ചാൽ ഏതാണ്ട് കാൽ മണിക്കൂറോളം ഭാഗീക ഗ്രഹണം കാണാം.ഈ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുമെങ്കിലും സമ്പൂർണ്ണ ചന്ദ്രഗ്രഹണം എല്ലായിടത്തും ഒരുപോലെ ദൃശ്യമാകില്ലെന്ന് പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ ദേബി പ്രസാദ് ദുവാരി അറിയിച്ചു.
അതേസമയം ഇനി ഇന്ത്യയിൽ കാണാൻ കഴിയുന്ന അടുത്ത സമ്പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുക 2025 സെപ്റ്റംബർ 7 നാകും. എന്നാൽ 2023 ഒക്ടോബറിൽ ഇന്ത്യയിൽ ഒരു ഭാഗിക ഗ്രഹണം ദൃശ്യമാകാനും സാധ്യത ഉണ്ട്.
അതേസമയം കൊൽക്കത്ത ഉൾപ്പെടെ കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ചന്ദ്രഗ്രഹണത്തിന്റെ പൂർണ്ണ ഘട്ടം അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. നഗരത്തിൽ ഏകദേശം 4:52 ന് കിഴക്കൻ ചക്രവാളത്തിൽ നിന്ന് ചന്ദ്രൻ ഉദിച്ചു തുടങ്ങും. തുടർന്ന് 5:11 വരെ പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. അതിനുശേഷം ചന്ദ്രൻ ഭാഗിക ഗ്രഹണ ഘട്ടത്തിലേക്ക് പ്രവേശിക്കുകയും സമയം കൂടുംതോറും കൂടുതൽ പ്രകാശിക്കുകയും ചെയ്യുമെന്നും ദേബി പ്രസാദ് ദുവാരി പറഞ്ഞു.
രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള കൊഹിമ, അഗർത്തല, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിൽ കൊൽക്കത്തയേക്കാൾ നേരത്തെ ഗ്രഹണം ദൃശ്യമാകും. ഇതിൽ കൊഹിമയിൽ മാത്രമേ ഗ്രഹണം അതിന്റെ പരമാവധി പൂർണ്ണതയിൽ കാണാൻ കഴിയൂ. 5:11 ന് ശേഷം ചന്ദ്രൻ 66 ശതമാനം അവ്യക്തതയോടുകൂടി ദൃശ്യമായതിനു ശേഷം ഏകദേശം 5:31 ന് ന്യൂഡൽഹിയിൽ ഭാഗിക ഗ്രഹണം അനുഭവപ്പെടുമെന്നാണ് പ്രവചനം. ബംഗളൂരുവിൽ ചന്ദ്രൻ 5:57 ന് പൂർണ്ണമായും ഉദിക്കും. മുംബൈയിൽ ഇത് ഏകദേശം 6:03 ന് 14 ശതമാനം മാത്രം അവ്യക്തതയോടെ ആയിരിക്കും പ്രത്യക്ഷപ്പെടുക. നാഗ്പൂരിൽ, ഏകദേശം 5.32 നാണ് ചന്ദ്രൻ ഉദിക്കുക. ഏകദേശം 6:34 ഓടുകൂടി ചന്ദ്രന്റെ 60 ശതമാനം അവ്യക്തമാകും.
ചന്ദ്രഗ്രഹണം
പൗര്‍ണമിയില്‍ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗര്‍ണമി ദിവസം ഭൂമി ഇടയിലും സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. ഈ അവസരത്തിൽ എപ്പോഴെങ്കിലും ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യാം. ഇപ്രകാരം ചന്ദ്രൻ ഭൂമിയുടെ നിഴലിനുള്ളിലാകുന്നതാണ് ചന്ദ്രഗ്രഹണം. എല്ലാ പൗര്‍ണമിയിലും ഭൂമി, സൂര്യന്‍, ചന്ദ്രന്‍ ഇവ കൃത്യം നേര്‍രേഖയില്‍ വരാറില്ല, അപ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും പതിക്കുക. അതിനാൽ എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാവുകയില്ല.
ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രന്‍ (Blood Moon) എന്ന് വിളിക്കുന്നത്. ചുവപ്പ് ചന്ദ്രന്‍ (Red Moon), ചെമ്പന്‍ ചന്ദ്രന്‍ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.
പൂർണ്ണ ചന്ദ്രഗ്രഹണം
ഭൂമിയുടെ പൂർണ്ണമായും ഇരുണ്ട നിഴൽ ഭാഗത്തുകൂടി (പ്രച്ഛായ/umbra) ചന്ദ്രൻ പൂർണ്ണമായും കടന്നുപോകുമ്പോഴാണ് പൂർണ്ണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഈ സമയത്ത് ചന്ദ്രൻ അപ്രത്യക്ഷമാകുന്നതിനു പകരം കടും ചുവപ്പ് നിറത്തിൽ കാണപ്പെടും. രക്തചന്ദ്രൻ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
ഭാഗീക ചന്ദ്രഗ്രഹണം
ചന്ദ്രന്റെ കുറച്ച് ഭാഗം മാത്രമാണ് ഭൂമിയുടെ പ്രഛായയിലൂടെ കടന്നു പോകുന്നതെങ്കിൽ, ചന്ദന്റെ കുറച്ച് ഭാഗം മാത്രം മറയ്ക്കപ്പെട്ടതായി കാണപ്പെടും. ഇതാണ് ഭാഗീക ചന്ദ്രഗ്രഹണം.
ഉപഛായ ചന്ദ്രഗ്രഹണം
കടുത്ത നിഴൽ ഭാഗത്തിനു പുറത്തായി കാണപ്പെടുന്ന മങ്ങിയ നിഴൽ പ്രദേശമാണ് ഉപഛായ (penumbra). ചന്ദ്രൻ ഈ ഭാകത്തുകൂടി കടന്നുപോകുമ്പോൾ അല്പം ഇരുണ്ട നിറത്തിൽ കാണപ്പെടും. ഇതാണ് ഉപഛായ ചന്ദ്രഗ്രഹണം. വളരെ പരിചയമുള്ളവ‍ർക്ക് മാത്രമെ ഇതൊരു ഗ്രഹണമാണ് എന്ന് തിരിച്ചറിയാൻ സാധിക്കൂ.
നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല എന്ന് അറിയാമല്ലോ. സൗരവികിരണം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും നിര്‍ദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു ദോഷവും ഇല്ല.എങ്കിലും ചന്ദ്രഗ്രഹണത്തിൽ പൂർണ്ണചന്ദ്രനെ അധികനേരം നോക്കി നിൽക്കുന്നത് മൂലം അസ്വസ്ഥതകൾ അനുഭവപ്പെടാൻ ഇടയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :https://moon.nasa.gov/news/185/what-you-need-to-know-about-the-lunar-eclipse/


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.