പെൻഷൻ പ്രായം ഉയർത്തിയത് പാർട്ടി അറിയാതെയെന്ന് എം.വി ഗോവിന്ദൻ; അങ്ങനെയെങ്കിൽ മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

പെൻഷൻ പ്രായം ഉയർത്തിയത് പാർട്ടി അറിയാതെയെന്ന് എം.വി ഗോവിന്ദൻ; അങ്ങനെയെങ്കിൽ മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യേണ്ടതാണെങ്കിലും ചർച്ച ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാർ തന്നെ തീരുമാനം തിരുത്തിയതിനാൽ അന്വേഷണത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തിയ നടപടി പാർട്ടിയിൽ ചർച്ച ചെയ്യാത്തതിൽ സിപിഎം- സിഐടിയു നേതൃത്വത്തിൽ അതൃപ്തിയുണ്ട്. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയായേക്കും.

ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിൻവലിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മന്ത്രിസഭയായിരുന്നു തീരുമാനം എടുത്തത്. പിന്നീട് മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് മന്ത്രിസഭ തന്നെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച് തീരുമാനം മരവിപ്പിച്ചു. തീരുമാനമെടുത്തതിൽ വീഴ്ച വന്നിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പെൻഷൻ പ്രായം ഉയർത്തിയത് പാർട്ടിയുമായി തീരുമാനിക്കാതെയാണെന്ന് നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോവിന്ദൻ പറഞ്ഞിരുന്നു. ചർച്ച ചെയ്യാതെ തീരുമാനം എടുത്തപ്പോൾ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും ഉൾപ്പെടെയുള്ള സംഘടനകൾ ശക്തിയായി എതിർത്തിട്ടുണ്ട്. ആ എതിർപ്പാണ് ശരിയായത്. അറിയാതെ വരുന്ന തീരുമാനങ്ങളൊക്കെ അകാല ചരമം പ്രാപിക്കും. പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്നാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

അതേസമയം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം.

മന്ത്രിയെ പുറത്താക്കാനുള്ള ധൈര്യമുണ്ടോയെന്നും വി.ഡി.സതീശൻ ചോദിച്ചു. ഇപ്പോള്‍ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ടെന്നും സതീശൻ ചൂണ്ടിക്കാണിച്ചു.

ഏകപക്ഷീയമായി എടുത്ത തീരുമാനമെന്നാണ് ട്രേഡ് യൂണിയൻ നേതൃത്വവും പാർട്ടി നേതൃത്വവും പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തെ വിലയിരുത്തുന്നത്. തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയും രംഗത്തു വന്നിരുന്നു. യുവജന സംഘടനകളുമായും ചർച്ച നടന്നില്ല. അത്തരത്തിൽ ചർച്ച നടത്തിയിരുന്നെങ്കിൽ വിവാദ തീരുമാനം ഉണ്ടാവില്ലായിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.

ഉത്തരവു സംബന്ധിച്ച് എൽഡിഎഫിലും കൂടിയാലോചന നടന്നില്ല. നയപരമായ തീരുമാനങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്താണ് സാധാരണ തീരുമാനിക്കുന്നത്. വിഷയം മന്ത്രിസഭ പരിഗണിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർത്തില്ല. ഇതിനാൽ തീരുമാനത്തെ സിപിഐ എതിർത്തിട്ടില്ല. സിപിഐ യുവജന സംഘടനയായ എഐവൈഎഫാണ് ആദ്യമായി വിമർശനമുയർത്തി രംഗത്തെത്തിയത്.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ എസ് ആര്‍ ടി സി, കെ എസ് ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചത്. 56, 58, 60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍.

എന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയി. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി. മന്ത്രിസഭാ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പ്രശ്നം ഉന്നയിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു.

ഉത്തരവ് ഒറ്റയടിക്ക് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങൾ വരുമെന്ന് നിയമമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്നാണ് 29 ലെ ധനവകുപ്പ് ഉത്തരവിൽ തുടർ നടപടി വേണ്ടെന്ന തീരുമാനമെത്തിലെത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ ഏകീകരണം ഒരു ടെസ്റ്റ് ഡോസായും സർക്കാർ കണക്കാക്കിയിരുന്നു. അടുത്ത ബജറ്റിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം ഒരു വർഷമെങ്കിലും കൂട്ടാൻ വരെ നീക്കമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.