ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മതപീഡനവും മനുഷ്യാവകാശ ലംഘനങ്ങളും; അടിയന്തര ഇടപെടലിനായി മുറവിളി ഉയരുന്നു

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മതപീഡനവും മനുഷ്യാവകാശ ലംഘനങ്ങളും; അടിയന്തര ഇടപെടലിനായി മുറവിളി ഉയരുന്നു

മനാഗ്വേ: മെക്‌സിക്കോയിലും നിക്കരാഗ്വയിലും സംഭവിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതികരിക്കണമെന്ന ആവശ്യവുമായി അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം' (എ.ഡി.എഫ്) എന്ന സന്നദ്ധസംഘടന. മനുഷ്യാവകാശ സംരക്ഷണം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇന്റര്‍-അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സിനോടാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചത്.

'ലാറ്റിനമേരിക്കയില്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളോടുള്ള അവഗണനയാണ്. ഇതു വിശ്വാസികളെ മാത്രമല്ല, പ്രദേശത്തെ മൊത്തത്തിലുള്ള ജനാധിപത്യത്തിന്റെ ഭാവിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് എഡിഎഫ് ഇന്റര്‍നാഷണലിന്റെ അഡ്വക്കസി ഡയറക്ടര്‍ ടോമസ് ഹെന്റിക്വസ് പറഞ്ഞു.

നിക്കരാഗ്വ, മെക്‌സിക്കോ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണങ്ങള്‍ക്കെതിരേ കമ്മീഷന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഹെന്റിക്വസ് ആവശ്യപ്പെട്ടു. കോസ്റ്ററിക്കയില്‍ ഒക്ടോബര്‍ 29-ന് നടന്ന ഹിയറിംഗിലാണ് ഹെന്റിക്വസ് ഈ ആവശ്യം ഉന്നയിച്ചത്.

നിക്കരാഗ്വേയില്‍ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഓഗസ്റ്റ് 19-നാണ് നിക്കരാഗ്വന്‍ നാഷണല്‍ പോലീസ് മതഗല്‍പ്പയിലെ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ തട്ടിക്കൊണ്ടു പോയത്. രൂപതാസ്ഥാനത്ത് ആഗസ്റ്റ് നാലു മുതല്‍ വീട്ടുതടങ്കലിലായിരുന്ന ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസും വൈദികരും വൈദിക വിദ്യാര്‍ത്ഥികളും അല്‍മായ വിശ്വാസികളും ഉള്‍പ്പടെ എട്ടു പേരെയാണ് പോലീസും അര്‍ദ്ധ സുരക്ഷാസേനയും ചേര്‍ന്ന് ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയത്. ബിഷപ്പ് ഇപ്പോള്‍ മനാഗ്വേയില്‍ വീട്ടുതടങ്കലിലാണ്.

രാജ്യത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയ ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസിനെ ക്രൂശിക്കാനുള്ള പ്രസിഡന്റ് ഒര്‍ട്ടേഗയുടെ സമ്മര്‍ദ്ദ തീരുമാനമായാണ് വിശ്വാസികള്‍ ഈ നീക്കത്തെ നോക്കികാണുന്നത്. ഭരണകൂടത്തെ എതിര്‍ക്കുന്നവരെ അതിക്രൂരമായി പീഡിപ്പിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എല്‍ ചിപോട്ടെ ജയിലിലാണ് ബിഷപ്പിനൊപ്പമുണ്ടായിരുന്നവരെ പാര്‍പ്പിച്ചിരിക്കുന്നത്.

മാര്‍ച്ചില്‍, നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് വാള്‍ഡെമര്‍ സ്റ്റാനിസ്ലാവ് സോമര്‍ടാഗിനെ രാജ്യത്തുനിന്നു പുറത്താക്കി. ഏറെ വേദനയോടെയാണ് വത്തിക്കാന്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചത്.

ജൂലൈയില്‍, മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ പ്രവര്‍ത്തനം നിരോധിച്ച നിക്കരാഗ്വ സര്‍ക്കാര്‍ 18 കന്യാസ്ത്രീകളെ അതിര്‍ത്തി കടത്തി കാല്‍നടയായി കോസ്റ്ററിക്കയിലേക്ക് അയച്ചിരുന്നു. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. ഈ സന്യാസിനികള്‍ ഇപ്പോള്‍ അയല്‍രാജ്യമായ കോസ്റ്റാറിക്കയില്‍ സേവനം ചെയ്യുകയാണ്.

മനാഗ്വയിലെ സഹായമെത്രാനായ സില്‍വിയോ ജോസ് ബെയ്സിനെ വധിക്കാന്‍ ഒര്‍ട്ടേഗയുടെ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്ന് അറിഞ്ഞതിനെതുടര്‍ന്ന് ബിഷപ്പ് അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നിക്കരാഗ്വയിലെ കത്തോലിക്കാ വിശ്വാസികള്‍ നേരിട്ടത് 190-ലധികം ആക്രമണങ്ങളാണ്. മനാഗ്വ കത്തീഡ്രലിലുണ്ടായ തീപിടിത്തവും അതുപോലെ കത്തോലിക്കാ ബിഷപ്പുമാരും വൈദികരും നേരിട്ട അതിക്രമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതുകൂടാതെ നിക്കരാഗ്വന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ ചാനലിനെ മേയില്‍ നിരോധിക്കുകയും ഓഗസ്റ്റില്‍ നിരവധി കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ നിര്‍ബന്ധിതമായി അടച്ചുപൂട്ടുകയും ചെയ്തു.

ഇത്തരത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് കത്തോലിക്കാ സഭ അനുഭവിക്കുന്ന കടുത്ത പീഡനങ്ങള്‍ക്കെതിരെ അടിയന്തര നടപടി കൈക്കൊള്ളാന്‍ ഹെന്റിക്വസ് കമ്മീഷനോട് ആവശ്യപ്പെട്ടു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.