ഹൈദരാബാദ്: തെലങ്കാനയിലെ മുനുകോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്). ബിജെപിയുടെ കോമതിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡിയെ പതിനായിരത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ടിആര്‍എസിന്റെ കൂസുകുന്ത്‌ല പ്രഭാകര്‍ റെഡ്ഡി വിജയം നേടിയത്. ആവേശകരമായ മത്സരത്തില്‍ അഭിമാന വിജയമാണ് ടിആര്‍എസ് സ്വന്തമാക്കിയിട്ടുള്ളത്.
അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയായിരുന്നു ടിആര്‍എസ് സ്ഥാനാര്‍ത്ഥിയുടെ വിജയം. മുനുകോഡിലെ ഫലം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞടെുപ്പില്‍ ബിജെപിക്കും ടിആര്‍എസിനും ഒരു പോലെ നിര്‍ണ്ണായകമായിരുന്നു. ടിആര്‍എസ് വിജയിച്ചതോടെ ബിജെപിയുടെ മിഷന്‍ സൗത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ച കോമതിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡിയെ മലത്തിയടിക്കാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയ പല്‍വൈ സ്രാവന്തിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായി. തെലുങ്കാന കോണ്‍ഗ്രസിന്റെ അതികായനും മുന്‍മന്ത്രിയുമായിരുന്ന പല്‍വൈ ഗോവര്‍ദ്ധന്‍ റെഡ്ഡിയുടെ മകളാണ് സ്രാവന്തി. ജോഡോ യാത്രയ്ക്കിടെ തെലങ്കാനയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണവും കോണ്‍ഗ്രസിനെ തുണച്ചില്ല. സിറ്റിംഗ് സീറ്റില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെലുങ്കാന കോണ്‍ഗ്രസില്‍ വലിയ കോളിളക്കത്തിനാണ് വഴിവച്ചിരിക്കുന്നത്.
അതേസമയം ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നേടിയിരിക്കുന്നത്. മൂന്ന് മണ്ഡലങ്ങള്‍ നിലനിര്‍ത്തിയ ബിജെപി ഒന്ന് പിടിച്ചെടുക്കയും ചെയ്തു. ബിഹാറിലെ ഗോപാല്‍ ഗഞ്ച്, ഒഡീഷയിലെ ധം നഗര്‍, ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ് മണ്ഡലങ്ങളാണ് ബിജെപി നിലനിര്‍ത്തിയത്.
ആര്‍ജെഡിയുമായി ചേര്‍ന്ന് ജെഡിയു സര്‍ക്കാര്‍ രൂപീകരിച്ച ബിഹാറിലെ ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ വിജയം നേടാനായത് ബിജെപിക്ക് നേട്ടമായി. ഇഞ്ചോടിഞ്ച് മത്സരത്തില്‍ 1789 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി കുസംദേവി വിജയിച്ചത്. ബിഹാറിലെ തന്നെ മൊകാമ മണ്ഡലം നിലനിര്‍ത്താനായത് ആര്‍ജെഡിക്ക് ആശ്വാസമായി. ഒഡീഷയിലെ ധംനഗര്‍, ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ് മണ്ഡലങ്ങളില്‍ എല്ലാ ഘട്ടങ്ങളിലും ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തി.
ഹരിയാനയിലെ കോണ്‍ഗ്രസ് മണ്ഡലമായ അദംപൂര്‍ ഒപ്പം ചേര്‍ക്കാനായതും ബിജെപിക്ക് നേട്ടമായി. ബിജെപിയില്‍ ചേര്‍ന്ന സിറ്റിംഗ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയിയുടെ മകന്‍ ഭവ്യ ബിഷ്‌ണോയ് 15,714 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മഹാരാഷ്ട്രയില്‍ അന്ധേരി ഈസ്റ്റ് മണ്ഡലം നിലനിര്‍ത്താനായത് ശിവസേന ഉദ്ധവ് പക്ഷത്തിന് ആശ്വാസമായി. സിറ്റിഗ് എംഎല്‍എ രമേഷ് ലട്‌കേ മരിച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ റിതുജ ലട്‌കേ 64,678 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.