ഷാം എല്‍ ഷെയ്ഖ്: വരള്‍ച്ച, പ്രളയം, ആഗോള താപനം എന്നീ വെല്ലുവിളികള്‍ക്കിടയില്‍ ജീവിക്കാനുള്ള പോരാട്ടത്തിലാണെന്ന് മാനവരാശിയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കോണ്‍ഫറന്‍സ് ഓഫ് ദി പാര്‍ട്ടീസ് 27 (ഇഛജ27) എന്ന പേരില്‍ ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നടത്തുന്ന യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിലാണ് ലോകം. ഈ നരകയാത്ര ഒഴിവാക്കാന്‍ ഹരിതഗൃഹവാതകങ്ങള്‍ ഏറ്റവുമധികം പുറത്തുവിടുന്ന രാജ്യങ്ങളായ ചൈനയും അമേരിക്കയും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
'മാനവരാശിക്ക് ഒരു തിരഞ്ഞെടുപ്പേയുള്ളൂ: സഹകരിക്കുക, അല്ലെങ്കില്‍ നശിക്കുക' - ഗുട്ടെറസ് പറഞ്ഞു. കോവിഡും ഉക്രെയ്ന്‍ അധിനിവേശവും കാലാവസ്ഥ വ്യതിയാനവും ഉള്‍പ്പെടെ വിവിധ പ്രശ്‌നങ്ങള്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുകയും അന്താരാഷ്ട്ര ബന്ധങ്ങളെ ഉലയ്ക്കുകയുമാണ്. നമുക്ക് മുമ്പില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ സഹകരിക്കാം, അല്ലെങ്കില്‍ നശിക്കാം' - അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ആഗോള താപനം വ്യവസായ യുഗത്തിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിക്കാനും ചരിത്രപരമായ ധാരണയില്‍ എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും താങ്ങാവുന്ന ചെലവില്‍ പുനരുപയോഗ ഊര്‍ജം ലഭ്യമാക്കണം.
കാര്‍ബണ്‍ കൂടുതല്‍ പുറംതള്ളുന്ന രാജ്യങ്ങളായ അമേരിക്കയും ചൈനയും ഇതൊഴിവാക്കാന്‍ പരിശ്രമം ഊര്‍ജിതമാക്കണം. കാലാവസ്ഥ നരകത്തിലേക്കുള്ള ഹൈവേയില്‍ നമ്മുടെ കാലുകള്‍ ആക്‌സലറേറ്ററിലാണെന്ന് ഗുട്ടെറസ് പറഞ്ഞു.
നേതാക്കളുടെ ഇടപെടലില്ലാതെ കാലാവസ്ഥാമാറ്റം തടയാനാവില്ലെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസി പറഞ്ഞു. 'നമുക്ക് ചുരുങ്ങിയ സമയമേയുള്ളൂ. നമ്മുടെ കൈയിലുള്ള ഓരോ സെക്കന്‍ഡും നാം ഉപയോഗിക്കണം' - അദ്ദേഹം ഓര്‍മിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ചേര്‍ന്ന ഉച്ചകോടിയിലെ തീരുമാനങ്ങള്‍ അവലോകനം ചെയ്യല്‍, കാലാവസ്ഥ വ്യതിയാനം ചെറുക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കലും ധാരണകള്‍ രൂപപ്പെടുത്തലും, ദരിദ്ര രാജ്യങ്ങളെ ഇക്കാര്യത്തില്‍ സഹായിക്കല്‍ തുടങ്ങിയവയാണ് അജണ്ട.
1995 മുതല്‍ എല്ലാ വര്‍ഷവും ഉച്ചകോടി സംഘടിപ്പിക്കാറുണ്ട്. നൂറിലേറെ ലോകനേതാക്കളാണ് ഉച്ചകോടിയില്‍ പ്രസംഗിക്കുന്നത്. നവംബര്‍ 18 വരെയാണ് സമ്മേളനം. രാഷ്ട്രങ്ങളുടെ ഉഭയകക്ഷി ചര്‍ച്ചകള്‍, മറ്റു പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, മന്ത്രിതല സമ്മേളനം തുടങ്ങിയവ ഉച്ചകോടിയുടെ ഭാഗമായി നടക്കും.
അതേസമയം, ഇന്ത്യയുടെയും ചൈനയുടെയും നേതാക്കള്‍ ഉണ്ടാവില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഉച്ചകോടിക്കെത്തുന്നില്ല. ഇടക്കാല തിരഞ്ഞെടുപ്പും ജി-20 ഉച്ചകോടിയും കാരണം യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ വരവ് വൈകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.