ന്യൂഡല്‍ഹി: ഗിനിയയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഒടുവില്‍ ആശ്വാസം. ഏകദേശം പതിനൊന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചു. കപ്പല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ എംബസി അധികൃതരെത്തിച്ച വെള്ളവും ഭക്ഷണവും ഗിനി നേവി കൈമാറി. പത്ത് മണിക്കൂറിലേറെയായി ജീവനക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ സൈന്യം നല്‍കിയിരുന്നില്ല. ഭക്ഷണം കൈമാറിയെങ്കിലും ജീവനക്കാരെ കാണാന്‍ എംബസി അധികൃതരെ സൈന്യം അനുവദിച്ചില്ല.
ഹീറോയിക് ഇഡുന്‍ കപ്പലിലെ തടവിലായ ജീവനക്കാരെ വിമാനത്തില്‍ നൈജീരിയക്ക് കൊണ്ടു പോകാന്‍ ശ്രമമുണ്ടെന്നാണ് വ്യക്തമാകുന്നത്. തടവില്‍ കഴിയുന്ന ജീവനക്കാരുടെ പാസ്‌പോര്‍ട്ട് സൈന്യം വാങ്ങി. തടവിലായ പതിനഞ്ച് ഇന്ത്യക്കാരെയും എക്വറ്റോറിയല്‍ ഗിനി വീണ്ടും തടവ് കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. ഇവിടെ ഭക്ഷണവും വെള്ളവും പോലും കിട്ടാത്ത സാഹചര്യമാണെന്നും നൈജീരിയയിലേക്ക് കൈമാറുമോയെന്ന ആശങ്കയുണ്ടെന്നും ക്യാപ്റ്റന്‍ തനൂജ് മേത്ത നേരത്തെ പ്രതികരിച്ചിരുന്നു.
ഇന്നലെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ എക്വേറ്റോറിയല്‍ ഗിനി സൈന്യം തിരികെ കപ്പലില്‍ എത്തിച്ചിരുന്നു. സമുദ്രാതിര്‍ത്തി ലംഘച്ചെന്ന പേരില്‍ പിടിയിലായ ചരക്ക് കപ്പലില്‍ നിന്ന് ഇന്നലെയാണ് സനു ജോസിനെ യുദ്ധകപ്പലിലേക്ക് എക്വറ്റോറിയല്‍ ഗിനി നേവി കൊണ്ടു പോയത്. നൈജീരയക്ക് കൈമാറുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരുന്നു സഹപ്രവര്‍ത്തകര്‍. ഏറെ നേരത്തിനൊടുവിലാണ് സനുവിനെ സ്വന്തം കപ്പലില്‍ തിരികെ എത്തിച്ചത്.
നൈജീരിയന്‍ സമുദ്രാതിര്‍ത്തി കടന്ന കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്നാണ് എക്വറ്റോറിയല്‍ ഗിനി സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം. വൈസ് പ്രസിഡന്റ് ടെഡി ന്‍ഗ്വേമ ഇത് സംബന്ധിച്ച് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കമുള്ളവര്‍ തടവിലായ മലയാളികളടക്കമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.