തിരുവനന്തപുരം: കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പദ്ധതിരേഖകള്‍ക്ക് ഒടുവില്‍ ധനകാര്യ വകുപ്പിന്റെ അംഗീകാരം. ഒരു വര്‍ഷത്തിലേറെക്കാലം ധനകാര്യ വകുപ്പില്‍ കുടുങ്ങിക്കിടന്ന ശേഷമാണ് അനുമതി.
ധനവകുപ്പും കൃഷിവകുപ്പും തമ്മിലുള്ള ശീതസമരം അംഗീകാരം വൈകുന്നതിന് കാരണമായതായി ആരോപണവും ഉയര്‍ന്നിരുന്നു. വിഷയം ഇടതുമുന്നണിയില്‍ ഉന്നയിക്കുന്നതിനെക്കുറിച്ച് കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ആലോചിക്കുന്നതിനിടെയാണ് പദ്ധതിരേഖയ്ക്ക് മോചനംലഭിച്ചിരിക്കുന്നത്.
ഉയര്‍ന്ന പെന്‍ഷന്‍ നിശ്ചയിച്ചതിനെതിരേ മറ്റു ക്ഷേമനിധി ബോര്‍ഡുകള്‍ രംഗത്തു വന്നതും അംഗീകാരം വൈകിപ്പിക്കുന്നതിനിടയാക്കി. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാനായി ഇരുവകുപ്പുകളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. നവംബര്‍ 25 ന് നടക്കുന്ന ഈ ചര്‍ച്ചയ്ക്കു ശേഷമേ മന്ത്രിസഭ ഫയല്‍ പരിഗണിക്കാന്‍ സാധ്യതയുള്ളൂ.
കര്‍ഷകര്‍ക്ക് 5000 രൂപ വരെ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡ് രാജ്യത്തിനു തന്നെ മാതൃകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് കൊണ്ടുവന്നതെങ്കിലും ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിക്കുന്ന നിയമത്തിന്റെ ചട്ടവും പദ്ധതിയും ഈ സര്‍ക്കാരിന്റെ കാലത്താണ് തയ്യാറാക്കിയത്.
ചട്ടം നേരത്തേ അംഗീകരിച്ചെങ്കിലും പദ്ധതിരേഖ ധനവകുപ്പില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതു കാരണം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടു. രജിസ്ട്രേഷന്‍ നടപടികളും മന്ദഗതിയിലായി. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനം നിലവില്‍ വന്ന് ഒരു വര്‍ഷം തികയുമ്പോള്‍ 16,000 കര്‍ഷകരുടെ രജിസ്ട്രേഷന്‍ നടപടികള്‍ മാത്രമാണ് പൂര്‍ത്തിയായത്. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം കര്‍ഷകരെ ക്ഷേമനിധിയുടെ കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.