കേരള സഭയ്ക്ക് അഭിമാന നിമിഷം: ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിബിസിഐയുടെ പുതിയ അധ്യക്ഷന്‍

 കേരള സഭയ്ക്ക് അഭിമാന നിമിഷം: ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിബിസിഐയുടെ പുതിയ അധ്യക്ഷന്‍

കൊച്ചി: കേരള കത്തോലിക്കാ സഭയ്ക്ക് ഇത് അഭിമാന നിമിഷം. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ അധ്യക്ഷനായി തൃശൂര്‍ അതിരൂപത അധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കുന്ന സിബിസിഐയുടെ മുപ്പത്തഞ്ചാമത് ജനറല്‍ ബോഡി യോഗത്തിലാണ് ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടന്നത്.

ഇന്ത്യയിലെ 174 രൂപതകളില്‍ നിന്നുള്ള ബിഷപുമാര്‍ പങ്കെടുത്ത യോഗത്തിലാണ് കേരള സഭയ്ക്കും തൃശൂര്‍ അതിരൂപതയ്ക്കും എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും ഏറെ ആഹ്ലാദം നല്‍കുന്ന നിര്‍ണായക തീരുമാനം ഉണ്ടായത്.

1951 ഡിസംബര്‍ 13 ന് ജനിച്ച ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് 1977 മാര്‍ച്ച് 14 നാണ് വൈദികനായി അഭിഷിക്തനായത്. സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം തൃശൂര്‍ അതിരൂപതയുടെ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് ഒന്നിന് തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ മാര്‍ താഴത്ത്, 2007 മാര്‍ച്ച് 18 ന് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു.

സീറോ മലബാര്‍ സഭയുടെ പെര്‍മനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. കെ.സി.ബി.സി പ്രസിഡന്റായി കേരള സഭയിലും തന്റെ നേതൃത്വ പാടവം അദ്ദേഹം തെളിയിച്ചു.

എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി 2022 ജൂലൈ 30 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. ഇന്ത്യയിലെ മൂന്ന് റീത്തുകളിലും പെട്ട മെത്രാന്മാരുടെ കൂട്ടായ്മയാണ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.